Editors Pick
സ്മാർട്ട്ഫോൺ ചാർജ് തീരുന്ന പേടി ഇനി വേണ്ട; വരുന്നു 11,000mAh ബാറ്ററി കരുത്തുള്ള ഫോൺ
നിലവിൽ ഹോണർ പുറത്തിറക്കിയ പവർ 2 മോഡലിലെ 10,080mAh ബാറ്ററിയുടെ റെക്കോർഡാണ് പുതിയ നീക്കത്തിലൂടെ കമ്പനി തിരുത്താൻ പോകുന്നത്.
ബീജിംഗ് | പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ മൊബൈൽ ബാറ്ററി സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു. സ്മാർട്ട്ഫോൺ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന 11,000mAh ശേഷിയുള്ള ബാറ്ററികളാണ് കമ്പനി വികസിപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം കമ്പനി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഹോണർ പുറത്തിറക്കിയ പവർ 2 മോഡലിലെ 10,080mAh ബാറ്ററിയുടെ റെക്കോർഡാണ് പുതിയ നീക്കത്തിലൂടെ കമ്പനി തിരുത്താൻ പോകുന്നത്. പുതിയ ബാറ്ററിയുടെ റേറ്റഡ് കപ്പാസിറ്റി 10,690mAh ആയിരിക്കുമെന്നും എന്നാൽ വിപണിയിലെത്തുമ്പോൾ ഇത് 11,000mAh അല്ലെങ്കിൽ അതിനു മുകളിലോ ഉള്ള ശേഷിയായിട്ടായിരിക്കും അറിയപ്പെടുകയെന്നും പ്രമുഖ ഇൻഡസ്ട്രി ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തി.
ഹോണർ വിൻ, വിൻ ആർ ടി തുടങ്ങിയ മോഡലുകളിലൂടെയാണ് 10,000mAh ബാറ്ററികൾ ഹോണർ ആദ്യമായി അവതരിപ്പിച്ചത്. നിലവിലുള്ള പവർ 2 മോഡലുകളിൽ ഉപയോഗിക്കുന്ന സി സി സാങ്കേതികവിദ്യയിലുള്ള ബാറ്ററികൾക്ക് 20 മണിക്കൂറിലധികം വീഡിയോ പ്ലേബാക്ക് നൽകാൻ സാധിക്കുന്നുണ്ട്. കൂടാതെ 80W വയർഡ് ഫാസ്റ്റ് ചാർജിംഗും 27W റിവേഴ്സ് വയർഡ് ചാർജിംഗും ഈ ഫോണുകളുടെ പ്രത്യേകതയാണ്. റിവേഴ്സ് ചാർജിംഗ് സൗകര്യം ഉള്ളതിനാൽ ഈ ഫോണുകളെ ഒരു പവർ ബാങ്ക് പോലെ ഉപയോഗിക്കാനും സാധിക്കും.
പുതിയ 11,000mAh ബാറ്ററി ഏത് ഫോണിലാകും ആദ്യം എത്തുക എന്ന കാര്യത്തിൽ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എങ്കിലും പവർ 2 വിന്റെ പിൻഗാമിയായി എത്തുന്ന ഫോണിലായിരിക്കും ഇത് ഉൾപ്പെടുത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഹോണർ എക്സ് 80 എന്ന വരാനിരിക്കുന്ന മോഡലിലും 10,000mAh ബാറ്ററി ഉണ്ടാകുമെന്ന് സൂചനകളുണ്ട്. സ്മാർട്ട്ഫോണുകളുടെ പ്രവർത്തനക്ഷമതയും ആയുസ്സും വർദ്ധിപ്പിക്കുന്നതിൽ ഈ പുതിയ ബാറ്ററി സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Summary
Honor is reportedly working on a groundbreaking 11,000mAh smartphone battery, with trial production already underway. This move follows the success of their previous 10,000mAh models, like the Power2, which features advanced silicon-carbon battery tech. The new high-capacity battery is expected to significantly enhance device longevity and overall user experience in future flagship releases.



