National
ചെങ്കോട്ട സ്‌ഫോടനം: ഒരാളെ കൂടി എന്‍ ഐ എ അറസ്റ്റ് ചെയ്തു; മരണപ്പെട്ടവരുടെ എണ്ണം 15 ആയി
ശ്രീനഗര്‍ സ്വദേശിയായ ജസീര്‍ ബീലാല്‍ വാണിയാണ് അറസ്റ്റിലായത്
ന്യൂഡല്‍ഹി | ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരാളെ കൂടി എന്‍ ഐ എ അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 15 ആയി ഉയരുകയും ചെയ്തു.
ശ്രീനഗര്‍ സ്വദേശിയായ ജസീര്‍ ബീലാല്‍ വാണിയാണ് അറസ്റ്റിലായത്. ഉമര്‍ നബി ഉള്‍പ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നല്‍കിയത് ഇയാളായിരുന്നു. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എന്‍ ഐ എ അറിയിച്ചു.
ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചിരുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായി വൈകിട്ട് 6.55ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിത ഡോക്ടര്‍ ഷഹീന് ലഷ്‌ക്കര്‍ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍ കിട്ടി.
സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫര്‍ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. തുര്‍ക്കിയില്‍ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടര്‍മാരെ നിയന്ത്രിച്ചത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ ഉമര്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനും ശ്രമം നടത്തിവരികയാണ്.




