Connect with us

local body election 2025

കോഴിക്കോട് കോര്‍പറേഷന്‍ യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല

സി പി എം ജയിക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ഡി സി സി പ്രസിഡന്റ്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് കോര്‍പറേഷനില്‍ യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച പ്രമുഖ സിനിമ സംവിധായകന്‍ വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല.

45 വര്‍ഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും വി എം വിനു ചോദിച്ചു. ഇതൊരു ജനാധിപത്യ രാജ്യമാണോ. എല്ലാ തെരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. കല്ലായി ഡിവിഷനില്‍ മത്സരിക്കാന്‍ ഒരുങ്ങിയ തനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും വിനു കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി മത്സരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ മുതല്‍ എന്റെ വോട്ട് നഷ്ടപ്പെട്ടിരിക്കുന്നു. കോടതിയും നിയമവും ഉണ്ട്. നാളെ മുതല്‍ കോഴിക്കോട് മുഴുവന്‍ വാര്‍ഡിലും ഇറങ്ങിയിരിക്കുമെന്നും സെപ്റ്റംബറില്‍ ഇറങ്ങിയ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയില്ലെന്നും വി എം വിനു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവായത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ആരോപിച്ചു. വ്യാപക ക്രമക്കേട് നടന്നതിന്റെ തെളിവാണിത്. ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനെന്നും സി പി എം ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വി എം വിനു കോഴിക്കോട് നഗരത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ്. അദ്ദേഹത്തെ അറിയാത്തവര്‍ ആരുമില്ല. വിനുവിനും ഭാര്യക്കും വോട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുണ്ടായിരുന്നു എന്ന് കരുതി ഇപ്പോഴും വോട്ട് ഉണ്ടാകുമെന്ന് അദ്ദേഹം കരുതി. സി പി എം ജയിക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഉടനെ കലക്ടറെ കാണുമെന്നും നാളെത്തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest