Connect with us

ipl 2021

ഐ പി എല്ലിൽ ഇനി ദുബൈ കാർണിവൽ

ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം

Published

|

Last Updated

ദുബൈ | യു എ ഇ ഇനി ഐ പി എൽ പൂര ലഹരിയിൽ. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാണ് “ഉദ്്ഘാടന’പ്പോര്്. മെയ് ആദ്യവാരം കളിക്കാരിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ച പതിനാലാം സീസൺ ടൂർണമെന്റാണ് മുംബൈ- ചെന്നൈ പോരാട്ടത്തോടെ പുനരാരംഭിക്കുന്നത്. 29 മത്സരങ്ങൾ പൂർത്തിയായ വേളയിൽ നിർത്തിവെച്ച ടൂർണമെന്റിൽ ഇനി ശേഷിക്കുന്നത് പ്ലേ ഓഫും ഫൈനലും ഉൾപ്പെടെ 31 കളികൾ. ദുബൈ, അബൂദബി, ഷാർജ എന്നിങ്ങനെ മൂന്ന് വേദികൾ. സ്റ്റേഡിയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാണികളെ പ്രവേശിപ്പിക്കുമെന്നതിനാൽ ആവേശം ഇരട്ടിയാകും.

12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. പത്ത് പോയിന്റ് വീതമുള്ള ചെന്നൈ, ബാംഗ്ലൂർ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. എട്ട് പോയിന്റുമായി മുംബൈ നാലാമതും ആറ് പോയിന്റ് വീതമുള്ള രാജസ്ഥാനും പഞ്ചാബ് കിംഗ്സും അഞ്ചും ആറും സ്ഥാനത്തുമാണ്. ഏഴ് കളികളിൽ രണ്ട് ജയങ്ങൾ മാത്രമുള്ള കൊൽക്കത്ത നാല് പോയിന്റുമായി ഏഴാമതും ഒരു കളി മാത്രം ജയിച്ച ഹൈദരാബാദ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്.
ഐ പി എല്ലിൽ മുംബൈയും ചെന്നൈയും 33 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ 20 തവണ മുംബൈയും 13 തവണ ചെന്നൈയും വിജയിച്ചു. ഈ സീസണിൽ ഇരു ടീമുകളും മുഖാമുഖം വന്നപ്പോൾ മുംബൈ നാല് വിക്കറ്റിന് ജയിച്ചിരുന്നു. 34 പന്തുകളിൽ 87 റൺസടിച്ചുകൂട്ടിയ കീറൺ പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലായിരുന്നു മുംബൈ ജയം കുറിച്ചത്.

സന്പർക്ക വിലക്കിലായിരുന്ന മുംബൈ നായകൻ രോഹിത് ശർമ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. നെറ്റ്്സിൽ പരിശീലനവും നടത്തി. ഐ പി എല്ലിൽ അഞ്ച് തവണ കിരീടമുയർത്തിയ മുംബൈ താരസന്പന്നമായ ടീമാണ്. രോഹിതിനെ കൂടാതെ ക്വുന്റൺ ഡി കോക്ക്, സൂര്യ കുമാർ യാദവ്, ഇഷാൻ കിഷൻ, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഏത് ബൗളിംഗ് നിരയെയും അടിച്ചു പറത്തി ശീലിച്ചവരാണ്. ബൗളിംഗിൽ ജസ്പ്രീത് ബുംറയും ട്രന്റ് ബൗൾട്ടും ദീപക് ചാഹറുമാണ് കുന്തമുനകൾ.

അതേസമയം, തന്ത്രങ്ങളുടെ ആശാനായ ധോണിക്ക് കീഴിൽ ജയത്തോടെ തുടങ്ങാമെന്ന് ചെന്നൈ കണക്കുകൂട്ടുന്നു. പരിചയസന്പന്നരായ സുരേഷ് റെയ്ന, ഡ്വെയ്ൻ ബ്രാവോ, മോയിൻ അലി, ഇംറാൻ താഹിർ, അന്പാട്ടി റായിഡു തുടങ്ങിയ ഒരു പിടി താരങ്ങൾ ടീമിന് കരുത്താകും. സന്പർക്ക വിലക്ക് പൂർത്തിയാകാത്ത സാം കറൻ, പരുക്കിൽ നിന്ന് മുക്തനാകാത്ത ഫാഫ് ഡുപ്ലെസിസ് എന്നീ വിദേശ താരങ്ങൾ ഇന്ന് ചെന്നൈക്കായി കളത്തിലിറങ്ങില്ല. പരുക്കിന്റെ പിടിയിലുള്ള ബ്രാവോക്ക് ബൗൾ ചെയ്യാൻ കഴിയുമോയെന്ന് കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സാധ്യതാ ടീം
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ (ക്യാപ്റ്റൻ), ക്വുന്റൺ ഡി കോക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രൂനാൽ പാണ്ഡ്യ, ആദം മിൽനെ / നഥാൻ കോൾട്ടർനിൽ, ജയന്ത് യാദവ് / ദീപക് ചാഹർ, ട്രന്റ് ബൗൾട്ട്, ജസ്പ്രിത് ബുംറ.

ചെന്നൈ സൂപ്പർ കിംഗ്‌സ്: ഋതുരാജ് ഗെയ്ക്്വാദ്, മോയിൻ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ബ്രാവോ, ധോണി (ക്യാപ്റ്റൻ), ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ, ഇംറാൻ താഹിർ, ലുങ്കി എൻഗിഡി / ജോഷ് ഹാസിൽവുഡ്.