Uae
ദുബൈയിൽ രണ്ട് ബില്യൺ ദിർഹത്തിന്റെ ഭവന പാക്കേജിന് അംഗീകാരം
നിലവിൽ ദുബൈയിൽ 1,163 ഭവന യൂണിറ്റുകൾ നിർമാണത്തിലാണ്.

ദുബൈ|ദുബൈയിൽ പൗരന്മാർക്കായി രണ്ട് ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള ഭവന പാക്കേജിന് അംഗീകാരം നൽകി. വാദി അൽ അമർദി, അൽ അവീർ, ഹത്ത, ഊദ് അൽ മുതീന എന്നീ നാല് മേഖലകളിൽ 1,100-ലധികം റെസിഡൻഷ്യൽ യൂണിറ്റുകൾ ഉൾപ്പെടുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. പൗരന്മാരുടെ ക്ഷേമത്തിനായുള്ള ഈ പദ്ധതികൾ സർക്കാരിന്റെ മുൻഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. വാദി അൽ അമർദിയിലെ ഭവന പദ്ധതി അദ്ദേഹം സന്ദർശിച്ചു.
നിലവിൽ ദുബൈയിൽ 1,163 ഭവന യൂണിറ്റുകൾ നിർമാണത്തിലാണ്. ഇതിൽ വാദി അൽ അമർദിയിൽ 767.9 ദശലക്ഷം ദിർഹത്തിന്റെ 432 യൂണിറ്റുകൾ, അൽ അവീറിൽ 734.1 ദശലക്ഷം ദിർഹത്തിന്റെ 398 യൂണിറ്റുകൾ, ഹത്തയിൽ 508.5 ദശലക്ഷം ദിർഹത്തിന്റെ 213 യൂണിറ്റുകൾ, ഔദ് അൽ മുതീനയിൽ 113.8 ദശലക്ഷം ദിർഹത്തിന്റെ 120 യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
പത്ത് ബില്യൺ ദിർഹം എൻഡോവ്മെന്റ് ഫണ്ടിന് അംഗീകാരം
പത്ത് ബില്യൺ ദിർഹം മൂല്യമുള്ള എൻഡോവ്മെന്റ്ഫണ്ട് പദ്ധതിക്കും ശൈഖ് ഹംദാൻ അംഗീകാരം നൽകി. 2033-ഓടെ വർഷം ഒരു ബില്യൺ ദിർഹം വരുമാനം ലക്ഷ്യമിടുന്ന ഈ പദ്ധതി സുസ്ഥിര സംരംഭങ്ങൾക്ക് ധനസഹായം ഉറപ്പാക്കും. ദുബൈയിൽ വികസന, പൗരകാര്യ ഉന്നത സമിതിയുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കമ്മിറ്റിയുടെ തുടക്കം മുതൽ 33,400-ലധികം ഇമാറാത്തികൾക്ക് പൊതു-സ്വകാര്യ മേഖലകളിൽ ജോലി ലഭിച്ചു. ഭവന രംഗത്ത് 1,315 യൂണിറ്റുകൾ, 10,131 ഭൂമി ഗ്രാന്റുകൾ, 8,663 സാമ്പത്തിക-ഭവന ഗ്രാന്റുകൾ, 9,204 വായ്പകൾ എന്നിവ വിതരണം ചെയ്തു. 426 പൗരന്മാരെ 146 ദശലക്ഷം ദിർഹത്തിന്റെ ഭവന വായ്പ തിരിച്ചടവിൽ നിന്ന് ഒഴിവാക്കി.
സാമൂഹിക സംരംഭങ്ങൾക്കും തുടക്കം
വിരമിച്ചവരെ ആദരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന “തുഖ്ർ’, മാതാപിതാക്കൾക്കും മക്കൾക്കും ഒരുമിച്ച് സാമൂഹിക കഴിവുകൾ വളർത്താനും ഇമാറാത്തി മൂല്യങ്ങൾ ശക്തിപ്പെടുത്താനും അവസരമൊരുക്കുന്ന “ഘംറാൻ ക്യാമ്പ്’ എന്നിങ്ങനെ രണ്ട് സാമൂഹിക സംരംഭങ്ങൾക്കും ദുബൈയിൽ തുടക്കമായി.
ബർവ പദ്ധതി തുടങ്ങി
ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റും കമ്മ്യൂണിറ്റി ഡെവലപ്മെന്റ്അതോറിറ്റിയും ചേർന്ന് വികസിപ്പിച്ച “ബർവ’ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശൈഖ് ഹംദാൻ സാക്ഷ്യംവഹിച്ചു.
മനുഷ്യ ക്ഷേമത്തിന് ഊന്നൽ നൽകുന്ന സുസ്ഥിരവും സാമൂഹികമായി നയിക്കപ്പെടുന്നതുമായ റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് ബർവ. മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് ഇത്. മുതിർന്ന പൗരന്മാരെയും നിശ്ചയദാർഢ്യമുള്ളവരെയും അവരുടെ റിയൽ എസ്റ്റേറ്റ് ആസ്തികൾ സ്വതന്ത്രമായും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.