Uae
അബൂദബിയിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ
കണ്ണൂർ - ഫുജൈറ വിമാനം ഇന്ന് തുടങ്ങും

അബൂദബി | ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ, യു എ ഇ തലസ്ഥാനമായ അബൂദബിയിലേക്ക് പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ജൂൺ മുതൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളും ഒഡീഷയിലെ ഭുവനേശ്വറിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങളും സർവീസ് നടത്തും.
ഈ പുതിയ സർവീസുകൾ പ്രവാസികൾക്ക് യാത്രാ സൗകര്യം വർധിപ്പിക്കുകയും ബിസിനസ്, വിനോദ സഞ്ചാരികളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുമെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. ഇതോടെ ഇന്ത്യയിലെ 15 നഗരങ്ങളിൽ നിന്ന് അബൂദബിയിലേക്ക് ആഴ്ചയിൽ 100-ലധികം വിമാനങ്ങൾ ഇൻഡിഗോ പ്രവർത്തിപ്പിക്കും. യു എ ഇയിലേക്ക് 275 വിമാന സർവീസ് ഇപ്പോൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് മുതൽ മുംബൈയിൽ നിന്നും കണ്ണൂരിൽ നിന്നും ഫുജൈറയിലേക്ക് പ്രതിദിന വിമാനങ്ങൾ ആരംഭിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. ഇത് യു എ ഇയിലെ അഞ്ചാമത്തെ ലക്ഷ്യസ്ഥാനമാകും. താങ്ങാവുന്ന വിലയിൽ കൃത്യവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കി ഇന്ത്യയെ ആഗോള കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും മൽഹോത്ര വ്യക്തമാക്കി.
---- facebook comment plugin here -----