Editorial
ഡോ. വന്ദനയുടെ രക്തത്തില്‍ നമ്മുടെ വ്യവസ്ഥിതിക്കും പങ്കുണ്ട്

കൊല്ലം കൊട്ടാരക്കര താലൂക്ക് അശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ കഞ്ചാവ് ലഹരിയിലായിരുന്ന അധ്യാപകന്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവം കേരളക്കരയെയാകെ നടുക്കത്തിലും വേദനയിലും ആഴ്ത്തിയിരിക്കുകയാണ്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ വിറങ്ങലിച്ച നമ്മുടെ നാടിന് ഈ ദാരുണ സംഭവം മറ്റൊരു താങ്ങാനാകാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. അടിപിടിക്കേസില്‍ പ്രതിയായ അധ്യാപകനെ പോലീസ് സംഘം വൈദ്യപരിശോധനക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. കഞ്ചാവ് ലഹരിയിലായിരുന്ന പ്രതി സന്ദീപിന് നേരത്തേയുണ്ടായ അടിപിടിയില്‍ മുറിവുണ്ടായിരുന്നു. ഈ കേസില്‍ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നതായിരുന്നു. ഡോക്ടര്‍ മരുന്ന് വെച്ച് കെട്ടുന്നതിനിടെ പ്രതി അക്രമാസക്തനാകുകയും ഡോക്ടറെ കത്രിക കൊണ്ട് തലങ്ങും വിലങ്ങും കുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച പോലീസുകാര്‍ അടക്കമുള്ളവര്‍ക്കും കുത്തേറ്റു. ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സന്ദീപിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.
അധ്യാപകന്‍ കൂടിയായ സന്ദീപ് കഞ്ചാവിനും മയക്കുമരുന്നിനും അടിമയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അമിതമായ ലഹരി ഉപയോഗം മൂലം ഡിപ്രഷന്‍ സംഭവിച്ചതോടെയാണ് സന്ദീപ് അപകടകാരിയായ കൊലയാളിയായി മാറിയത്. ഇവിടെ നമ്മുടെ പൊതുസമൂഹവും അധികാരികളും നിയമ സംവിധാനങ്ങളും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. വന്ദനയുടെ മരണത്തിന് ഉത്തരവാദി സന്ദീപ് മാത്രമാണോ? ലഹരി വില്‍പ്പനയും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന ഇവിടുത്തെ വ്യവസ്ഥിതിക്ക് കൂടി വന്ദനയുടെ രക്തത്തില്‍ പങ്കുണ്ട്. ലഹരിക്ക് അടിമയായ ഒരു വ്യക്തിയുടെ മാനസിക വിഭ്രാന്തി മാത്രമായി ഈ ദാരുണ സംഭവത്തെ കാണാനാകില്ല. ലഹരി മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം വന്ദനയെ പോലെ അനേകം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. എത്രയോ ജീവിതങ്ങള്‍ കശക്കിയെറിയപ്പെട്ടു. ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് തന്നെ ഭയപ്പെടേണ്ട സ്ഥിതിയാണുള്ളത്. കൊല്ലപ്പെട്ട വന്ദന ഡോക്ടറായതുകൊണ്ട് ഇന്നലെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷ അപകടത്തിലാണെന്ന യാഥാര്‍ഥ്യത്തിലേക്ക് കൂടിയാണ് വന്ദനയുടെ കൊലപാതകം വിരല്‍ ചൂണ്ടുന്നത്.
ലഹരിക്ക് അടിമകളായവരെയും മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരെയും കൊടും ക്രിമിനലുകളെയും ആശുപത്രികളില്‍ വൈദ്യപരിശോധനക്ക് കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചില്ലെന്നത് സംഭവത്തിന്റെ ഗൗരവം കൂടുതല്‍ വര്‍ധിപ്പിക്കുന്നു. സാധാരണ ആളുകളെ പോലെ തന്നെ ഒരു ജാഗ്രതയുമില്ലാതെയാണ് പ്രതിയെ ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുപോയത്. നേരത്തേ കഞ്ചാവ് ലഹരിയില്‍ അക്രമം നടത്തിയ ആള്‍ എന്ന നിലയില്‍ വിലങ്ങണിയിച്ചുകൊണ്ട് ഈ പ്രതിയെ പരിശോധനക്ക് കൊണ്ടുവരേണ്ടതായിരുന്നുവെന്നതിനെക്കുറിച്ച് പോലീസിന് ഒരു ധാരണയുമുണ്ടായിരുന്നില്ല. മറ്റൊന്ന് ഈ സംഭവം നടന്നത് പോലീസിന്റെ കണ്‍മുന്നില്‍ വെച്ചുമാണ്. പ്രതിയെ തടഞ്ഞുനിര്‍ത്താന്‍ ആവശ്യമായ പോലീസുകാരും ഒപ്പം ഉണ്ടായിരുന്നില്ല.
ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് കാരണം വലഞ്ഞത് രോഗികളാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് രോഗികളാണ് ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത്. ഇത് പ്രശ്‌നത്തിന്റെ വേറൊരു വശം. ലഹരി മാഫിയകളുടെ വിളയാട്ടം കേരളത്തില്‍ ജനങ്ങള്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. കേരളത്തിന്റെ മുക്കിലും മൂലയിലും എം ഡി എം എ അടക്കമുള്ള മയക്കുമരുന്നുകളും കഞ്ചാവും മദ്യവും സുലഭമാണ്. പോലീസും എക്‌സൈസും മയക്കുമരുന്ന്-കഞ്ചാവ്-മദ്യവേട്ടകള്‍ നടത്തുന്നുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാനുള്ള കരുത്ത് മാഫിയാ സംഘങ്ങള്‍ നേടിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. വന്ദനയെ പോലെ ഒരു തെറ്റും ചെയ്യാത്ത നിരപരാധികള്‍ക്ക് പോലും ഇത്തരം മാഫിയകളുടെ ചെയ്തികള്‍ കാരണം ജീവന്‍ നഷ്ടമാകുന്നുവെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. ലഹരി മാഫിയകളില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ പോലീസും എക്‌സൈസും മറ്റ് നിയമ സംവിധാനങ്ങളും മാത്രം വിചാരിച്ചാല്‍ സാധിക്കില്ല. ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പൊതുസമൂഹം ഒന്നിച്ച് നിന്ന് പോരാടിയേ മതിയാകൂ.