Connect with us

Sri Lanka

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കന്‍ പ്രധാനമന്ത്രി

കമ്യൂണിസ്റ്റ് പ്രസിഡന്റിന് സോഷ്യലിസ്റ്റ് പ്രധാനമന്ത്രി

Published

|

Last Updated

കൊളംബോ | കമ്യൂണിസ്റ്റ് നേതാവ് അനുര ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യയെ നിയമിച്ചു. എന്‍ പി പി എം പിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്. രാജ്യത്തിന്റെ 16 ആമത്തെ പ്രധാനമന്ത്രിയാണ് അവര്‍. നാഷണല്‍ പീപ്പിള്‍സ് പവര്‍ (ജതിക ജന ബലവേഗയ) ശ്രീലങ്കയിലെ സോഷ്യലിസ്റ്റ് സഖ്യമാണ്.

പ്രസിഡന്റ് അനുര ദിസനായകെ പ്രധാനമന്ത്രിയായി ഡോ. ഹരിണിയെ നിയമിക്കുമെന്ന സൂചന പുറത്തുവന്നപ്പോള്‍ തന്നെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹരിണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരുമന പാര്‍ടി നേതാവ് അനുര കുമാര ദിസനായകെയ്ക്ക് ആദ്യം അഭിനന്ദനം അറിയിച്ചത് ഇന്ത്യയായിരുന്നു. പ്രസിഡന്റ് അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമോദന സന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണര്‍ സന്തോഷ് ത്സാ വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കയില്‍ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായാണ് കമ്യൂണിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ.

ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. അനുര കുമാര ദിസനായകെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.

2019 ല്‍ കമ്യൂണിസ്റ്റ് നേതാവ് അനുര കുമര ദിസ്സനായകെ മുന്‍കൈയ്യെടുത്ത് രൂപം നല്‍കിയ സോഷ്യലിസ്റ്റ് സഖ്യമാണ് എന്‍ പി പി. വടക്ക് നോക്കി യന്ത്രം പൊതുചിഹ്നമായിട്ടായിരുന്നു സഖ്യ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരുമന കൂടാതെ 27 രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍, വനിതാ അവകാശ സംഘടനകള്‍, യുവജന സംഘടനകള്‍, ആദിവാസി സംഘടനകള്‍ തുടങ്ങിയവയെല്ലാം സോഷ്യലിസ്റ്റ് സഖ്യത്തില്‍ ഉള്‍പ്പെടുന്നു.

 

---- facebook comment plugin here -----

Latest