Connect with us

Uae

അബൂദബിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതിയ പിഴപ്പട്ടിക; നിയനലംഘനങ്ങള്‍ക്ക് 1.5 ലക്ഷം ദിര്‍ഹം വരെ ഈടാക്കും

സ്‌കൂള്‍ നയങ്ങളുമായി ബന്ധപ്പെട്ട 42 തരം നിയമലംഘനങ്ങള്‍ക്കായി 5,000 ദിര്‍ഹം മുതല്‍ 1,50,000 ദിര്‍ഹം വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

Published

|

Last Updated

അബൂദബി | എമിറേറ്റിലെ സ്വകാര്യ, പങ്കാളിത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) പുതിയ പിഴ ശിക്ഷ പ്രഖ്യാപിച്ചു. സ്‌കൂള്‍ നയങ്ങളുമായി ബന്ധപ്പെട്ട 42 തരം നിയമലംഘനങ്ങള്‍ക്കായി 5,000 ദിര്‍ഹം മുതല്‍ 1,50,000 ദിര്‍ഹം വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു നിയമലംഘനം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ അത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ തുക വര്‍ധിക്കും.

കായിക വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ (24 എണ്ണം) ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ദിവസവും കുറഞ്ഞത് 30 മിനുട്ട് കായിക പരിശീലനം ഉറപ്പാക്കാതിരിക്കുക, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അവസരം നല്‍കാതിരിക്കുക തുടങ്ങിയവക്ക് 15,000 മുതല്‍ 50,000 ദിര്‍ഹം വരെയാണ് പിഴ. ലിംഗാടിസ്ഥാനത്തിലുള്ള നീന്തല്‍, കായിക നിബന്ധനകള്‍ ലംഘിച്ചാല്‍ ആദ്യതവണ ഒരു ലക്ഷം ദിര്‍ഹവും ആവര്‍ത്തിച്ചാല്‍ 1.5 ലക്ഷം ദിര്‍ഹവും പിഴ നല്‍കണം. ആഴ്ചയില്‍ കുറഞ്ഞത് 60 മിനുട്ട് കായിക വിദ്യാഭ്യാസത്തിനായി മാറ്റിവെക്കാത്ത പക്ഷം 50,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും.

സ്‌കൂളുകളില്‍ കരിയര്‍ കൗണ്‍സിലറെ നിയമിക്കാതിരിക്കുകയോ ഉപരിപഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാതിരിക്കുകയോ ചെയ്താല്‍ 50,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഈ വിഭാഗത്തിലെ ഗുരുതരമായ ലംഘനങ്ങള്‍ക്ക് 1.5 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താം.

അഡെക്കിന്റെ അനുമതിയില്ലാതെ അധ്യാപകരെയോ മറ്റ് ജീവനക്കാരെയോ ജോലിക്ക് വെക്കുന്നത് ഗുരുതര വീഴ്ചയായി കണക്കാക്കും. ഇതിന് 15,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കാം. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആദ്യതവണ ഒരു ലക്ഷം ദിര്‍ഹവും ആവര്‍ത്തിച്ചാല്‍ 1.5 ലക്ഷം ദിര്‍ഹവുമാണ് പിഴ.

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest