Connect with us

SirajEditorial

ഇരട്ട എന്‍ജിന്‍ സര്‍ക്കാറിന്റെ ഇരട്ടി നേട്ടങ്ങള്‍!

കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നിതി ആയോഗ്, ഇന്ത്യയിലെ ഐക്യരാഷ്ട്ര സഭാ ഘടകവുമായി ചേര്‍ന്നു തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ ഉത്തര്‍ പ്രദേശ് വികസനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ ഗണത്തിലാണ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച്, ക്രമസമാധാനത്തില്‍ യു പിയുടെ നില വളരെ പരിതാപകരമാണ്.

Published

|

Last Updated

യോഗി ആദിത്യനാഥ് സര്‍ക്കാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരട്ട എന്‍ജിന്‍ എന്ന് വിശേഷിപ്പിച്ചതിന്റെ തലേദിവസമാണ്, തന്റെ സഹോദരിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നികിത എന്ന സ്ത്രീ ഉത്തര്‍ പ്രദേശ് ആഗ്രാ ഡിവിഷന്‍ കമ്മീഷണര്‍ അമിത് ഗുപ്തയുടെ വാഹനത്തിന് മുമ്പില്‍ വീണുകരഞ്ഞപേക്ഷിച്ചത്. ചൊവ്വാഴ്ച അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിംഗ് സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിലാണ് യോഗി സര്‍ക്കാറിനെ മോദി വാനോളം പുകഴ്ത്തിയതും അദ്ദേഹത്തിന്റെ ഭരണത്തില്‍ യു പി അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചതായി അവകാശപ്പെട്ടതും. “ഇരട്ട എന്‍ജിന്‍ സര്‍ക്കാറിന്റെ ഇരട്ടി നേട്ടങ്ങള്‍ക്കുള്ള തിളങ്ങുന്ന ഉദാഹരണമാണ് യു പി. രാജ്യത്തിന്റെ വികസനത്തില്‍ യു പി തടസ്സമായി നിന്ന കാലമുണ്ടായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഇവിടെയാണ്. ഇത് വലിയ തോതില്‍ തൃപ്തി നല്‍കുന്നു’വെന്നായിരുന്നു മോദിയുടെ പ്രസ്താവം.

ഈ അവകാശവാദത്തിന്റെ പൊള്ളത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നികിതയുടെ കരളലിയിപ്പിക്കുന്ന ചിത്രം. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ വൈഷ്ണവിയെന്ന പതിനൊന്നുകാരിയായ തന്റെ സഹോദരിക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് നികിത ആഗ്രാ ഡിവിഷന്‍ കമ്മീഷണറുടെ വാഹനത്തിനു മുമ്പില്‍ കിടന്ന് “അവള്‍ക്ക് ചികിത്സ നല്‍കൂ സര്‍, ഇല്ലെങ്കില്‍ അവള്‍ മരിച്ചു പോകു’മെന്ന് താണുകേണപേക്ഷിച്ചത്. എന്നാല്‍ അധികൃതരുടെ കനിവിനു കാത്തുനില്‍ക്കാതെ ആ ബാലിക മരണമടഞ്ഞു. സമീപ ദിവസങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച ആഗ്രാ മേഖലയില്‍ ഈ രോഗം മൂലം മരണപ്പെടുന്ന 50ാമത്തെ കുട്ടിയാണ് വൈഷ്ണവിയെന്നാണ് റിപ്പോര്‍ട്ട്. അതീവ ശോചനീയമാണ് ഉത്തര്‍ പ്രദേശിലെ ആരോഗ്യ സംവിധാനം. 2017ല്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഖ്പൂരിലെ മെഡിക്കല്‍ കോളജിലും ഫാറൂഖാബാദ് ആശുപത്രിയിലും മറ്റും ഓക്സിജന്‍ കിട്ടാതെ നൂറിലേറെ കുട്ടികള്‍ മരണപ്പെട്ട സംഭവത്തിലൂടെ ഇക്കാര്യം പുറംലോകം നേരത്തേ അറിഞ്ഞതാണ്. ആരോഗ്യ മേഖലയെ ദൈവം വന്ന് രക്ഷിക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് പരിഹാരം പ്രതീക്ഷിക്കേണ്ടതില്ലെന്നായിരുന്നു ഈ സംഭവവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ യു പി ഹൈക്കോടതിയുടെ വിമര്‍ശം. കൊവിഡ് നേരിടുന്നതിലും യോഗി സര്‍ക്കാര്‍ കനത്ത പരാജയമാണെന്ന് ഗംഗയിലൂടെ ഒഴുകി നടന്ന നൂറുകണക്കിനു മൃതദേഹങ്ങള്‍ വിളിച്ചോതിയതാണ്. കൊവിഡ് ബാധിച്ചവരെ ചികിത്സിക്കാനും മരിച്ചവരെ സംസ്‌കരിക്കാനും സംസ്ഥാനത്ത് മതിയായ സംവിധാനമില്ലാതിരുന്നതാണ് മൃതദേഹങ്ങള്‍ നദികളിലും തീരങ്ങളിലും ഉപേക്ഷിക്കാന്‍ ഇടയാക്കിയത്.

ആരോഗ്യമേഖലയില്‍ മാത്രമല്ല, വിദ്യാഭ്യാസം, വൈദ്യുതി, തൊഴില്‍, ക്രമസമാധാനം, സ്ത്രീസുരക്ഷ തുടങ്ങി മറ്റു മേഖലകളിലും വളരെ പിന്നിലാണ് യോഗിയുടെ ഭരണ പ്രദേശം. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നിതി ആയോഗ്, ഇന്ത്യയിലെ ഐക്യരാഷ്ട്ര സഭാ ഘടകവുമായി ചേര്‍ന്നു തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ ഉത്തര്‍ പ്രദേശ് വികസനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ ഗണത്തിലാണ്. കേരളമാണ് കഴിഞ്ഞ ജൂണ്‍ രണ്ടിന് പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. ആരോഗ്യം, പൊതുവിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, പട്ടിണി ഇല്ലാതാക്കല്‍, ലിംഗസമത്വം, ശുദ്ധജലം, ശുചീകരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് രാജ്യത്തെ സംസ്ഥാനങ്ങളുടെ ഭരണമികവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയിലും ഏറ്റവും പിറകില്‍ 23ാം സ്ഥാനത്താണ് യു പി. അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യവിഭവ വികസനത്തിനുള്ള സഹായം, സാമൂഹിക സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, കുറ്റകൃത്യങ്ങള്‍, ക്രമസംവിധാനം, നീതി നിര്‍വഹണം, പരിസ്ഥിതി, സുതാര്യത, സാമ്പത്തിക സുരക്ഷ, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയവയാണ് പബ്ലിക് അഫയേഴ്‌സ് മാനദണ്ഡമാക്കിയത്. 2019 ഒക്‌ടോബറില്‍ നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച്, ക്രമസമാധാനത്തില്‍ യു പിയുടെ നില വളരെ പരിതാപകരമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യോഗിയുടെ സംസ്ഥാനത്താണെന്ന് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. യു പിയില്‍ പ്രതിവര്‍ഷം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും രാജ്യമൊട്ടാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ 10.1 ശതമാനവും യു പിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു പിയില്‍ ഇരുപത്തെട്ടായിരത്തിലധികം (28,360) സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇപ്പോഴും വൈദ്യുതിയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് പത്രം 2020 ഒക്‌ടോബറില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സ്‌കൂളുകള്‍ പോളിംഗ് ബൂത്തായി ക്രമീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നു. അന്ന് 32.67 കോടി അനുവദിച്ചതില്‍ 4.7 കോടി ഇപ്പോഴും വിനിയോഗിച്ചില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ബലാത്സംഗങ്ങളുടെയും സ്ത്രീപീഡനത്തിന്റെയും കഥകള്‍ യു പിയില്‍ നിന്ന് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീസുരക്ഷ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണിന്ന് യു പി. എന്നാല്‍ നരേന്ദ്ര മോദി അവകാശപ്പെടുന്നതോ, യോഗി സര്‍ക്കാര്‍ വന്നതോടെ മാഫിയാ നേതാക്കളും കൊള്ളക്കാരും കുറ്റവാളികളും ഒളിച്ചോടിയെന്നാണ്.

മതന്യൂനപക്ഷങ്ങളുടെ സുരക്ഷയിലും യു പി ഏറെ പിറകിലാണ്. 2017ല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളുണ്ടായത് യു പിയിലാണെന്ന് ആഭ്യന്തര സഹമന്ത്രി പാര്‍ലിമെന്റില്‍ വെളിപ്പെടുത്തിയതാണ്. യു പിയില്‍ ക്രിസ്ത്യാനികളുടെ സുരക്ഷ അപകടത്തിലാണെന്ന് ഇന്റര്‍ നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് ഒരാഴ്ച മുമ്പാണ്. സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം വ്യാപകമാണെന്നും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള 30 പീഡന സംഭവങ്ങളെങ്കിലും കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഉത്തര്‍ പ്രദേശിലെ മതപരിവര്‍ത്തന നിയമ പ്രകാരം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആഹ്വാനമനുസരിച്ച് സംസ്ഥാനത്ത് 71 പാസ്റ്റര്‍മാര്‍ പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് നരേന്ദ്ര മോദിയുടെ ഭാഷയില്‍ മികച്ചതും മാതൃകാപരവുമായ ഭരണം നടക്കുന്ന യോഗിയുടെ സ്വന്തം ഉത്തര്‍ പ്രദേശിന്റെ യഥാര്‍ഥ ചിത്രം.

Latest