Editors Pick
കേരളത്തില്‍ വളരുമോ കുങ്കുമപ്പൂവ്...
നൂറ്റാണ്ടുകൾ മുൻപുതന്നെ കുങ്കുമം സുഗന്ധദ്രവ്യങ്ങളിലും, ചായങ്ങളിലും, മരുന്നുകളിലും ഉപയോഗിച്ചുപോന്നിരുന്നു.

വിലയേറിയ സുഗന്ധവ്യഞ്ജനമെന്ന നിലയിലും വിപണി മൂല്യമുള്ള വാണിജ്യ ഉല്‍പന്നമെന്ന നിലയിലും കുങ്കുമത്തിന് വളരെയധികം ചരിത്രപ്രാധാന്യമുണ്ട്. ഏകദേശം 3,500 വർഷങ്ങൾക്കു മുൻപാണ് മനുഷ്യർ കുങ്കുമം കൃഷി ചെയ്യാൻ തുടങ്ങിയതെന്ന് കണക്കാക്കുന്നു. ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം കുങ്കുമമാണ്.പല ഭൂഖണ്ഡങ്ങളോടും അവിടുത്തെ സംസ്കാരങ്ങളോടും കുങ്കുമപ്പൂവിന്റെ ചരിത്രം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
നൂറ്റാണ്ടുകൾ മുൻപുതന്നെ കുങ്കുമം സുഗന്ധദ്രവ്യങ്ങളിലും, ചായങ്ങളിലും, മരുന്നുകളിലും ഉപയോഗിച്ചുപോന്നിരുന്നു. തൊണ്ണൂറോളം രോഗങ്ങൾക്ക് മരുന്നായി കുങ്കുമപ്പൂ ഉപയോഗിക്കുന്നു. വളരെ നീണ്ട നാരുകൾ ഉള്ള കുങ്കുമച്ചെടികൾ തിരഞ്ഞെടുത്ത് അവയെ കൃത്രിമപരാഗണത്തിന് വിധേയമാക്കിയാണ് മുന്തിയതരം കുങ്കുമച്ചെടികൾ വളർത്തിയെടുക്കുന്നത്. ഇന്ത്യയില്‍ പ്രതിവർഷം 100 മുതൽ 150 ടൺ വരെ കുങ്കുമം ഉപയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ഫാമുകൾ ഏകദേശം 5-7 ടൺ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.
ഇതിന്‍റെ കൃഷി ഏതാണ്ട് പൂർണ്ണമായും കശ്മീരിലാണ് നടക്കുന്നത്.ശേഷിച്ച ഉപഭോഗങ്ങള്‍ക്കായി ഇറാൻ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെയാണ് രാജ്യം ആശ്രയിക്കുന്നത്. അവിടെ കൃഷി ഇപ്പോഴും സീസണൽ ആയതും പാരിസ്ഥിതിക സമ്മർദ്ദത്തിന് വഴങ്ങിയുള്ളതുമാണ്. അതിനാല്‍ സ്ഥിരമായ ഒരു ഉല്‍പാദന നിലവാരം പ്രതീക്ഷിക്കാനാവില്ല.
എന്നാല്‍ കേരളത്തില്‍ ഏതാണ്ട് തണുത്ത കാലാവസ്ഥയുള്ള വയനാട്ടിലും പരീക്ഷണാര്‍ത്ഥം കൃഷി ചെയ്ത് വിജയിപ്പിച്ചിരിക്കയാണ് സിവിൽ എന്‍ജീനിയറായ ശേഷാദ്രി ശിവകുമാര്‍.
അദ്ദേഹത്തിന് പറയത്തക്ക കാര്‍ഷികപാരമ്പര്യമൊന്നുമില്ല. മറ്റു കൃഷികളിലുള്ള പരിചയവുമില്ല. കൃഷിക്ക് പരമ്പരാഗതമായി ആശ്രയിക്കുന്ന മണ്ണ് എന്ന മാധ്യമം ഉപയോഗിക്കാതെ വായുവിലോ മൂടൽമഞ്ഞിലോ സസ്യങ്ങൾ വളർത്തുന്ന രീതിയായ എയറോപോണിക്സാണ് കുങ്കുമപ്പൂവ് കൃഷി ചെയ്യാനായി അദ്ദേഹം തിരഞ്ഞെടുത്ത മീഡിയം. ഇതിനായി നിരന്തരം പൂനെയില്‍ പോയി ഈ കൃഷിരീതി ഇദ്ദേഹം പരിചയിക്കുകയായിരുന്നു.
തന്റെ സഹോദരിയുടെ വീടിന്റെ ടെറസാണ് ശേഷാദ്രി കൃഷിക്കായി തിരഞ്ഞെടുത്തത് . 2024 ഏപ്രിലിലായിരുന്നു അത്. അന്ന് അവിടെ ഹിമാലയത്തിലെ തണുപ്പ് പുനഃസൃഷ്ടിക്കേണ്ടിയിരുന്നു. അതിനായി കൃഷിസ്ഥലം എയര്‍ക്കണ്ടീഷനിംഗ് ചെയ്യേണ്ടിവന്നു. കൃത്രിമ ലൈറ്റിംഗ് സംവിധാനങ്ങള്‍ ഘടിപ്പിച്ചു. പ്രാരംഭഘട്ടത്തില്‍ 400 കിലോ കുങ്കുമ ചുവടുകളാണ് ശേഷാദ്രി പരീക്ഷിച്ചത് . അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ, 220 ചതുരശ്ര അടി വിസ്തീർണ്ണമുള്ള
സ്ഥലം ഇതിനായി ക്രമീകരിക്കുകയായിരുന്നു.
പരമ്പരാഗതമായി മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ , ഒരു ചതുരശ്രമീറ്ററില്‍ 20മുതല്‍ 30 വരെ ചുവട് കുങ്കുമച്ചെടികളാണ് നടുന്നത്. എയറോപോണിക്സില്‍ ഇതിന്‍റെ പത്തിരട്ടി , അതായത് 200 മുതല്‍ 300 വരെ ചുവടുകള്‍ കൃഷിചെയ്യാന്‍ പറ്റും. അതിനനുസരിച്ച് വിളവിലും മാറ്റമുണ്ട്. പരമ്പരാഗത രീതിയിൽ ഒരു ചതുരശ്ര മീറ്ററില്‍ നിന്ന് 0.5 മുതല്‍ രണ്ടു ഗ്രാം വരെയാണ് വിളവ് ലഭിക്കുക. ഇവിടെയത് നാലു ഗ്രാം മുതല്‍ 5 ഗ്രാം വരെയാണെന്ന് ശേഷാദ്രി ശിവകുമാർ പറയുന്നു.എന്തായാലും ഈ 33 കാരന്‍ ആവേശത്തിലാണ് കാശ്മീരിലെ പോലെ കേരളത്തിലും കുങ്കുമപ്പൂവ് കൃഷി ചെയ്യാനാകുമെന്നും മികച്ച വിളവെടുക്കാനാവുമെന്നും തെളിയിച്ചതിന്‍റെ ആവേശമാണത്.