Kerala
മുമ്പ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വാറ്റുകേന്ദ്രം; 595 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
ആങ്ങമുഴി കൊച്ചാണ്ടി പുത്തന്‍ വീട്ടില്‍ ഇന്ത്യന്‍ പ്രദീപ് എന്ന പ്രദീപ്, കൊച്ചാണ്ടി കരയില്‍ കാരക്കല്‍ വീട്ടില്‍ പ്രസന്നന്‍ എന്നിവരെ പ്രതിയാക്കി എക്സൈസ് കേസെടുത്തു.

പത്തനംതിട്ട | മുമ്പ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും 595 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പത്തനംതിട്ട എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാറ്റുകേന്ദ്രത്തില്‍ റെയിഡ് നടത്തിയത്.
സംഭവത്തില്‍ ആങ്ങമുഴി കൊച്ചാണ്ടി പുത്തന്‍ വീട്ടില്‍ ഇന്ത്യന്‍ പ്രദീപ് എന്ന പ്രദീപ്, കൊച്ചാണ്ടി കരയില്‍ കാരക്കല്‍ വീട്ടില്‍ പ്രസന്നന്‍ എന്നിവരെ പ്രതിയാക്കി എക്സൈസ് കേസെടുത്തു.
ആങ്ങംമൂഴി-ഗവി പൊതുമരാമത്ത് റോഡിനോടു ചേര്‍ന്ന് കൊച്ചാണ്ടിക്ക് സമീപം മുമ്പ് മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ ബി എല്‍ ഗിരീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്‍ രാഹുല്‍, എം കെ അജിത്, കൃഷ്ണകുമാര്‍ പരിശോധനയില്‍ പങ്കെടുത്തു.