Connect with us

muslim league

മുസ്ലിം ലീഗ് കോഴിക്കോട് കൗൺസിലിൽ വടകരയെച്ചൊല്ലി തർക്കം; ഇസ്മാഈലിന് തുണയായത് കെ റെയിൽ സമരം

സ്വാദിഖലി തങ്ങളുടെ അംഗീകാരത്തിൽ സമവായത്തിലൂടെ തയ്യാറാക്കിയ പാനൽ അംഗീകരിക്കണമെന്ന് കൗൺസിലിന്റെ ഉദ്ഘാടന പ്രസംഗത്തിലും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയിൽ വടകരക്ക് പ്രാതിനിധ്യമില്ലാത്തതിനെച്ചൊല്ലി അസ്വാരസ്യം. ഇന്നലെ നടന്ന ജില്ലാ കൗൺസിലിൽ അംഗങ്ങൾ ഇത് സംബന്ധിച്ച് ചോദ്യങ്ങളുയർത്തി. അതോടൊപ്പം, നാദാപുരം മണ്ഡലം പ്രസിഡന്റിനെ ജില്ലാ ട്രഷറർ ആക്കിയത് ശരിയല്ലെന്ന അഭിപ്രായവും ഉയർന്നു. സൗത്ത് മണ്ഡലത്തിൽ നിന്ന് അഡ്വ. എ വി അൻവറിന്റെ പേര് മാത്രമാണ് നേരത്തേ നിർദേശിക്കപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കമ്മിറ്റിയിലെ ഓർഗനൈസിംഗ് സെക്രട്ടറി കൂടിയായ എൻ സി അബൂബക്കർ കമ്മിറ്റിയിൽ വീണ്ടും ഇടം നേടി.

അസി. റിട്ടേണിംഗ് ഓഫീസർ പി അബ്ദുൽ ഹമീദ് എം എൽ എ ഭാരവാഹികളുടെ പട്ടിക വായിച്ചപ്പോഴാണ് കൗൺസിലർമാർ പ്രതിഷേധമുയർത്തിയത്. എല്ലാവരും ശാന്തരാകണമെന്നും പരാതികൾ പരിഹരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വാദിഖലി തങ്ങളുടെ അംഗീകാരത്തിൽ സമവായത്തിലൂടെ തയ്യാറാക്കിയ പാനൽ അംഗീകരിക്കണമെന്ന് കൗൺസിലിന്റെ ഉദ്ഘാടന പ്രസംഗത്തിലും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.
ചന്ദ്രിക വരിക്കാരാകുന്നത് സംബന്ധിച്ച് കൗൺസിലർമാർക്ക് നൽകിയ നിർദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് കാണിച്ച് കൊയിലാണ്ടിയിൽ നിന്നുള്ള ചില അംഗങ്ങൾ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പാറക്കൽ അബ്ദുല്ല പ്രസിഡന്റാകുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്ന എം എ റസാഖ് മാസ്റ്റർക്ക് നറുക്ക് വീണു. പാറക്കലിന് ട്രഷറർ സ്ഥാനം നൽകാമെന്ന ധാരണ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നാണ് വിവരം.

11 മണ്ഡലം കമ്മിറ്റികളുടെ പിന്തുണയോടെയാണ് കെ റെയിൽ സമരസമിതി ചെയർമാൻ കൂടിയായ ടി ടി ഇസ്മാഈലിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്. പഴയ കമ്മിറ്റിയിൽ അദ്ദേഹം അംഗമായിരുന്നില്ല. കെ റെയിൽ സമരത്തിലെ ഇടപെടലുകളാണ് അദ്ദേഹത്തിന് തുണയായത്. 17 അംഗ ജില്ലാ കമ്മിറ്റിയാണ് ഇന്നലെ നിലവിൽ വന്നത്. കൗൺസിലിൽ ഉമ്മർ പാണ്ടികശാല അധ്യക്ഷനായി. തിരഞ്ഞെടുപ്പ് സമിതി കൺവീനർ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, അഡ്വ. എം റഹ്മത്തുല്ല എന്നിവർ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. ഡോ. എം കെ മുനീർ, പി കെ കെ ബാവ, എം സി മായിൻ ഹാജി, അഡ്വ. പി എം എ സലാം, സി പി ചെറിയ മുഹമ്മദ്, സി കെ സുബൈർ, ശാഫി ചാലിയം, അഹ്മദ് കുട്ടി ഉണ്ണികുളം, പി കെ ഫിറോസ്, അഡ്വ. പി കുൽസു, യു സി രാമൻ സംസാരിച്ചു. ഇന്ന് വനിതാ ലീഗ് കൗൺസിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

എം എ റസാഖ് മാസ്റ്റർ പ്രസിഡന്റ്

കോഴിക്കോട് | എം എ റസാഖ് മാസ്റ്റർ പ്രസിഡന്റും ടി ടി ഇസ്്മാഈൽ ജനറൽ സെക്രട്ടറിയുമായി പുതിയ കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി നിലവിൽ വന്നു. സൂപ്പി നരിക്കാട്ടേരിയാണ് ട്രഷറർ. നേരത്തേ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന റസാഖ് മാസ്റ്റർ യു ഡി എഫ് ജില്ലാ കൺവീനർ കൂടിയാണ്.

ജനറൽ സെക്രട്ടറിയായ ടി ടി ഇസ്്മാഈൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി പദവികൾ വഹിച്ചിരുന്നു. കെ റെയിൽ സമര സമിതിയുടെ ചെയർമാനായിരുന്നു. കെ എ ഖാദർ മാസ്റ്റർ, അഹ്‌മദ് പുന്നക്കൽ, എൻ സി അബൂബക്കർ, പി അമ്മദ് മാസ്റ്റർ, എസ് പി കുഞ്ഞഹമ്മദ്, ഇസ്മാഈൽ, വി കെ സി ഉമ്മർ മൗലവി (വൈ. പ്രസി.), സി പി എ അസീസ് മാസ്റ്റർ, വി കെ ഹുസൈൻ കുട്ടി, ഒ പി നസീർ, അഡ്വ. എ വി അൻവർ, എ പി അബ്ദുൽ മജീദ് മാസ്റ്റർ, എം കുഞ്ഞാമുട്ടി, കെ കെ നവാസ് (സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികൾ.

Latest