Connect with us

book review

തീക്ഷ്ണാനുഭവങ്ങളുടെ നേരെഴുത്ത്

വൈയക്തികാനുഭവങ്ങളെ സാമൂഹികാവസ്ഥകളുമായി കൂട്ടിയിണക്കുന്ന രചനാതന്ത്രമാണ് ആനി അർണോയുടെ മുഖ്യ സവിശേഷത. ഭാവനയുടെ ലോകത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ഇവർ, സാമൂഹികവും വൈയക്തികവുമായ അസമത്വങ്ങൾ ജീവിതത്തിൽ സൃഷ്ടിച്ച വിഹ്വലതകളെ അക്ഷരങ്ങളിലേക്ക് പടർത്താൻ ധൈര്യവും ആർജവവും കാണിച്ച എഴുത്തുകാരിയാണ്.

Published

|

Last Updated

ഏഴ് വർഷത്തിനുശേഷം ഫ്രഞ്ച് സാഹിത്യ ഭൂമികയിൽ വീണ്ടും നൊബേൽ പ്രകാശം. 2022 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ആനി അർണോ ആ രാജ്യത്തെ മുൻനിര എഴുത്തുകാരിൽ ഒരാളാണ്. നിരവധി തവണ നൊബേൽ പ്രൈസിന്റെ ചുരുക്കപ്പട്ടികകളിൽ സ്ഥാനം നേടിയ ഈ എഴുത്തുകാരിയുടെ സർഗാത്മക ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന മുഹൂർത്തമാണിത്. അതോടൊപ്പം ഈ പുരസ്‌കാര ലബ്ധി ഫ്രഞ്ച് സാഹിത്യത്തിന്റെ കരുത്തും സൗന്ദര്യവും ചലനാത്മകതയും ഒരിക്കൽകൂടി ലോകത്തിനു വെളിപ്പെടുത്തുകയും ചെയ്യുന്നു. സാഹിത്യ നൊബേൽ നേടുന്ന പതിനേഴാമത്തെ വനിതയാണ് ആനി അർണോ.

വൈയക്തികാനുഭവങ്ങളെ സാമൂഹികാവസ്ഥകളുമായി കൂട്ടിയിണക്കുന്ന രചനാതന്ത്രമാണ് ആനി അർണോയുടെ രചനകളുടെ മുഖ്യ സവിശേഷത. ഭാവനയുടെ ലോകത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ഇവർ സാമൂഹികവും വൈയക്തികവുമായ അസമത്വങ്ങൾ ജീവിതത്തിൽ സൃഷ്ടിച്ച വിഹ്വലതകളെ അക്ഷരങ്ങളിലേക്ക് പടർത്താൻ ധൈര്യവും ആർജവവും കാണിച്ച എഴുത്തുകാരിയാണ്. അതുകൊണ്ടുതന്നെ ആനിയുടെ രചനകളെ വൈയക്തികാനുഭവങ്ങളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്‌കാരമെന്നാണ് നൊബേൽ പുരസ്‌കാര സമിതി വിശേഷിപ്പിക്കുന്നത്.

1940 ൽ വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നോർമണ്ടി പ്രവിശ്യയിലെ ലില്ലിബോൺ എന്ന പട്ടണത്തിലാണ് ആനി അർണോ (Annie Ernaux) ജനിച്ചത്. പലചരക്ക് കടയും കോഫീ ഷോപ്പും നടത്തുകയായിരുന്നു മാതാപിതാക്കൾ. ദരിദ്രമായൊരു കുടുംബാന്തരീക്ഷത്തിലാണ് അവർ വളർന്നത്. വർണരഹിതമായിരുന്നു ബാല്യം. മകൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനുള്ള അമ്മയുടെ തീരുമാനമാണ് ആനിയുടെ സ്‌കൂൾ ജീവിതത്തിനു വഴി തുറന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിലെത്തിയ ആനി അവിടെ ഒരു കമ്പനിയിൽ കുറച്ചുകാലം ജോലി നോക്കി. പിന്നീട് ഫ്രാൻസിലേക്ക് തിരിച്ചുവന്ന് ഉപരിപഠനത്തിനായി റൂവൻ സർവകലാശാലയിൽ ചേർന്നു. 1971 ൽ ആധുനിക സാഹിത്യത്തിൽ ഉന്നതബിരുദം നേടിയ ശേഷം ഫ്രാൻസിലെ സെക്കൻഡറി സ്‌കൂൾ അധ്യാപികയായി കുറെ കാലം സേവനമനുഷ്ഠിച്ചു. തുടർന്ന് നാഷനൽ സെന്റർ ഫോർ ഡിസ്റ്റൻസ് എജ്യുക്കേഷനിൽ അധ്യാപികയായി പ്രവേശിച്ചു. 2000 ൽ വിരമിച്ചതിനു ശേഷം മുഴുവൻ സമയം എഴുത്തുമായി കഴിയുകയാണവർ.
1974 ൽ Cleaned Out എന്ന ആത്മകഥാപരമായ നോവലിലൂടെയാണ് ആനി അർണോ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. 1964ൽ തന്റെ വ്യക്തിജീവിതത്തിലുണ്ടായ ദുരനുഭവത്തെ ഈ നോവലിൽ അവർ ആവിഷ്‌കരിക്കുന്നു. 1984 ൽ പ്രസിദ്ധീകരിച്ച A Man’s Place എന്ന നോവലിലും തിക്തമായ ബാല്യകാലാനുഭവങ്ങളാണ് അവർ ആവിഷ്‌കരിക്കുന്നത്. ഫ്രാൻസിലെ ശ്രദ്ധേയമായ റിനോദോ പുരസ്‌കാരം ഈ നോവലിനെ തേടിയെത്തുകയുണ്ടായി. A Frozen Woman, Simple Passion, Shame, Things Seen, Happening, The Possession, The Years, A Girls Story, Getting Lost എന്നിവയാണ് എഴുത്തുകാരിയുടെ മറ്റു പ്രധാന പുസ്തകങ്ങൾ.

വ്യക്തിജീവിതത്തിലെ തിക്താനുഭവങ്ങളുടെ അഗ്‌നിനാളങ്ങളിൽ സ്ഫുടം ചെയ്യപ്പെട്ടവയാണ് ആനി അർണോയുടെ രചനകൾ. ബാല്യകാലത്തെ ദാരിദ്ര്യവും അത് മനസ്സിലുണ്ടാക്കിയ അവമതിപ്പും, കൗമാരത്തിൽ നേരിട്ട ലൈംഗികാനുഭത്തെത്തുടർന്ന് സമൂഹത്തിൽനിന്നും അനുഭവിക്കേണ്ടിവന്ന പരിഹാസവും ഭർത്സങ്ങളും അവർ സത്യസന്ധമായി വെളിപ്പെടുത്തുന്നു. അതോടൊപ്പം അവർ ആവിഷ്‌കരിക്കുന്നത് സാമൂഹികജീവിതത്തിന്റെ യഥാതഥമായ ചിത്രങ്ങളും അതിന്റെ ചരിത്രഗതിവിഗതികളും കൂടിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യാഹ്നം മുതലുള്ള ഫ്രഞ്ച് സാമൂഹികജീവിതത്തിന്റെ സമഗ്രവും വസ്തുനിഷ്ഠവുമായ നേർച്ചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് ആനിയുടെ എല്ലാ രചനകളും.
ലളിതമായ ഭാഷയും ശൈലിയുമാണ് ആനി അർണോയുടെ രചനകളുടെ മറ്റൊരു സവിശേഷത. ആലങ്കാരിക ഭാഷാപ്രയോഗങ്ങളെ പൊളിച്ചെഴുതുന്ന ആഖ്യാന രീതി ഏറെ പ്രശംസിക്കപ്പെടുകയുണ്ടായി. The Years എന്ന നോവൽ 2019 ലെ മാൻ ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയതോടെയാണ് ആനി ഇംഗ്ലീഷ് വായനാലോകത്ത് സുപരിചിതയാകുന്നത്. ഫ്രഞ്ച് ഭാഷാ പുരസ്‌കാരം, മാർഗരീത്ത് പുരസ്‌കാരം തുടങ്ങി ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള പതിനഞ്ചോളം പുരസ്‌കാരങ്ങൾ നേടിയ ഈ എഴുത്തുകാരി 2014 ൽ ഓണററി ഡോക്ടറേറ്റും നേടുകയുണ്ടായി.

ആനി അർണോയുടെ രചനകളെല്ലാം പ്രകടമായ ആത്മാംശം നിറഞ്ഞവയാണ്. എങ്കിലും “ഞാൻ’ എന്ന പദത്തിന് രചനകളിൽ ഒരിടത്തും അവർ പ്രാധാന്യം നൽകുന്നില്ല എന്നതാണ് കൗതുകകരമായ വസ്തുത. ഞാൻ എന്നതിനു പകരം ഒരാൾ, ഞങ്ങൾ, അവൾ, അവർ എന്നൊക്കെയാണ് അവർ ഉപയോഗിക്കുന്നത്. 2019 ൽ ഗാർഡിയൻ പത്രത്തിന് നൽകിയ ഒരഭിമുഖത്തിൽ ഈ കാര്യം പരാമർശിച്ചുകൊണ്ട് അവർ പറയുന്നത് നോക്കൂ.
“എന്റെ ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ, ശൈശവം മുതൽ ഇതുവരെയുള്ള എന്റെ ജീവിതമാണ് എന്റെ മനസ്സിൽ തെളിയുന്നത്. എന്നാൽ ആ ജീവിതത്തെ ഞാൻ ജീവിക്കുന്ന ഈ ലോകത്തിൽ നിന്നും മാറ്റി നിർത്താൻ എനിക്ക് ഒരിക്കലും സാധ്യമല്ല. എന്റെ കഥ എന്റെ തലമുറയുമായും അവർ അനുഭവിച്ച അസംഖ്യം പ്രശ്‌നങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. ആത്മകഥാപരമായ രചനകളുടെ പാരമ്പര്യം നമ്മൾ നമ്മളെക്കുറിച്ച് പറയുക എന്നതാണ്. അവിടെ സംഭവങ്ങൾ പശ്ചാത്തലമായി നിൽക്കുകയാണ് ചെയ്യുന്നത്. ഞാനത് ഒന്ന് തിരിച്ചിടുന്നു എന്നേയുള്ളൂ. എന്റെ പുസ്തകത്തിലെ സംഭവങ്ങൾ എന്റേത് മാത്രമല്ല, എല്ലാവരുടേതുമാണ്. അതാകട്ടെ ചരിത്രവും സാമൂഹികശാസ്ത്രവുമായും ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.’

Latest