Connect with us

Kerala

ഡി ഐ ജിയുടെ ഉത്തരവ്; പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച സംഭവത്തില്‍ തുടരന്വേഷണം

കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ കെ എ സുരേഷിന്റെ (58) മരണവുമായി ബന്ധപ്പെട്ട കേസിലാണ് തുടരന്വേഷണം നടത്തുക.

Published

|

Last Updated

പത്തനംതിട്ട | കഞ്ചാവ് ബീഡി വലിച്ചുവെന്ന പേരില്‍ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച സംഭവത്തില്‍ തുടരന്വേഷണം. കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ കെ എ സുരേഷിന്റെ (58) മരണവുമായി ബന്ധപ്പെട്ട കേസിലാണ് പത്തനംതിട്ട അഡീഷണല്‍ എസ് പി തുടരന്വേഷണം നടത്തുക. ഡി ഐ ജി. അജിതാ ബീഗത്തിന്റെ ഉത്തരവു പ്രകാരമാണ് അന്വേഷണം.

കഴിഞ്ഞ മാര്‍ച്ച് 22നു രാവിലെ കോന്നി പ്രമാടം ഇളകൊള്ളൂര്‍ പാലം ജങ്ഷനു സമീപം മാങ്കോസ്റ്റീന്‍ തോട്ടത്തിലാണ് സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായും ശരീരമാസകലം പരുക്കുകളും പിന്‍വശത്ത് ചൂരല്‍ കൊണ്ട് അടിയേറ്റതിന്റെ പാടുകളും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത കോന്നി പോലീസ് പക്ഷെ, പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പരിഗണിച്ചതേയില്ല.

മാര്‍ച്ച് 16നാണ് സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ബീഡി വലിച്ചുവെന്നതായിരുന്നു കുറ്റം. കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടുവെങ്കിലും 19നു വീണ്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും സുരേഷിന്റെ ബൈക്കും ഫോണും പിടിച്ചുവെക്കുകയും ചെയ്തു. രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിച്ചതിനുശേഷം സുരേഷിനെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടായിരുന്നുവെങ്കിലും കോന്നി പോലീസ് അന്വേഷണം നടത്താന്‍ തയാറായില്ല. സുരേഷിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയിപ്രം പോലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ കോന്നി ഡി വൈ എസ് പി പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്ന് പറയുന്നു.

---- facebook comment plugin here -----