National
ശങ്കർ മിശ്ര ഇരുന്നത് വിമാനത്തിലെ 'സാങ്കൽപ്പിക സീറ്റിലോ'? എയർ ഇന്ത്യയുടെ റിപ്പോർട്ട് തള്ളി അഭിഭാഷകർ
വിമാനത്തിന്റെ രൂപരേഖയെക്കുറിച്ച് വ്യക്തത ഇല്ലാതെയാണ് എയർ ഇന്ത്യ റിപ്പോർട്ട് തയ്യാറാക്കിയതെന്നും ശങ്കർ മിശ്ര ഇരുന്നതെന്ന് അനുമാനിക്കുന്ന 9 ബി സീറ്റ് വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ ഇല്ലെന്നും അഭിഭാഷകർ

ന്യൂഡല്‍ഹി | വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന കേസിൽ എയര്‍ ഇന്ത്യയുടെ ആഭ്യന്തര റിപ്പോര്‍ട്ട് തള്ളി മൂത്രമൊഴിച്ചെന്ന് ആരോപിക്കപ്പെടുന്ന ശങ്കർ മിശ്രയുടെ അഭിഭാഷകർ. വിമാനത്തിന്റെ രൂപരേഖയെക്കുറിച്ച് വ്യക്തത ഇല്ലാതെയാണ് എയർ ഇന്ത്യ റിപ്പോർട്ട് തയ്യാറാക്കിയതെന്നും ശങ്കർ മിശ്ര ഇരുന്നതെന്ന് അനുമാനിക്കുന്ന 9 ബി സീറ്റ് വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ ഇല്ലെന്നും അഭിഭാഷകർ പറഞ്ഞു.
9-സി സീറ്റില്‍ ഇരിക്കുന്നയാളെ ബാധിക്കാതെ ശങ്കര്‍ മിശ്ര എങ്ങനെയാണ് 9-എ സീറ്റില്‍ മൂത്രമൊഴിച്ചതെന്ന് വിശദീകരിക്കാന്‍ എതിര്‍ ഭാഗത്തിന് കഴിഞ്ഞില്ല. അതോടെ ബിസിനസ് ക്ലാസിൽ ഇല്ലാത്ത 9-ബി സീറ്റിലാണ് അദേഹം ഇരുന്നതെന്ന് തെറ്റായി അനുമാനിച്ചാണ് എയർഇന്ത്യ റിപ്പോർട്ട് തയ്യാറാക്കിയത്. പ്രതിക്ക് ഈ സാങ്കൽപ്പിക സീറ്റിൽ നിൽക്കാനും പരാതിക്കാരന്റെ 9A സീറ്റിൽ മൂത്രമൊഴിക്കാനും കഴിയുമെന്ന് സങ്കൽപ്പിക്കുകയാണ് എയർ ഇന്ത്യ ചെയ്തതെന്നും കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതിയില്‍ രണ്ട് വ്യോമയാന വിദഗ്ധര്‍ ഉണ്ടായിരുന്നതില്‍ അഭിഭാഷകർ ആശ്ചര്യം പ്രകടിപ്പിച്ചു.
നവംബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ 72-കാരിയായ സ്ത്രീയുടെ മേല്‍ മദ്യലഹരിയില്‍ ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചതെന്നാണ് പരാതി. സംഭവത്തിൽ വ്യാഴാഴ്ച എയര്‍ ഇന്ത്യ ആഭ്യന്തര കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ശങ്കർ മിശ്രയുടെ ഒരു മാസത്തെ യാത്രവിലക്ക് നാല് മാസമായി നീട്ടുകയും ചെയ്തിരുന്നു. പിന്നാലെ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.