Kerala
ധര്‍മസ്ഥല കൂട്ടക്കുഴിമാട ആരോപണം; മണ്ണുമാറ്റിയുള്ള പരിശോധന താല്‍ക്കാലികമായി നിര്‍ത്തി
ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിരാണെന്ന് തെളിയുമെന്നും മുന്‍ ശുചീകരണ തൊഴിലാളി ആവര്‍ത്തിച്ചു

മംഗളുരു | കൂട്ടക്കുഴിമാടമുണ്ടെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തുന്നു. മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ നിര്‍ത്തിവയ്ക്കുന്നതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയില്‍ പറഞ്ഞു.
ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിരാണെന്ന് തെളിയുമെന്നും മുന്‍ ശുചീകരണ തൊഴിലാളി ആവര്‍ത്തിച്ചു. തന്റെ ഓര്‍മയില്‍ നിന്നാണ് ഓരോ സ്ഥലവും കാട്ടിക്കൊടുക്കുന്നത്. വിമര്‍ശകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുമെന്ന് സാക്ഷി പറഞ്ഞു.
ധര്‍മസ്ഥലയില്‍ മലയാളിപെണ്‍കുട്ടിയുടെ മൃതദേഹം മറവ് ചെയ്തിട്ടുള്ളതായും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. മൃതദേഹം കുഴിച്ചിട്ടിടത്ത് പാറകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ പരിശോധനയില്‍ അസ്ഥികള്‍ കണ്ടെത്താനായില്ല. ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. താന്‍ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ അന്വേഷണം ആവശ്യപ്പെട്ടതെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സാക്ഷി ആവര്‍ത്തിച്ചു പറയുന്നു.