Editors Pick
ധർമ്മസ്ഥലയിലെ കൂട്ടക്കുഴിമാടങ്ങൾ: മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർദേശം ലഭിച്ചത് ക്ഷേത്രത്തിൽ നിന്നെന്ന് വെളിപ്പെടുത്തി മുൻ ജീവനക്കാരൻ
മരണകാരണം സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും, പല മൃതദേഹങ്ങളിലും അക്രമത്തിൻ്റെയും ലൈംഗികാതിക്രമത്തിൻ്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ഇദ്ദേഹം ആരോപിച്ചു.

ധർമ്മസ്ഥല | ധർമസ്ഥലയിൽ ക്ഷേത്ര പരിസരത്തെ വനാന്തരങ്ങളിൽ നിരവധി മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളി കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. മൃതദേഹങ്ങൾ കുഴിച്ചുമൂടാനുള്ള നിർദേശങ്ങൾ ലഭിച്ചത് ക്ഷേത്രത്തിലെ ഇൻഫർമേഷൻ സെന്ററിൽ നിന്ന് മാത്രമായിരുന്നുവെന്ന് ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. പ്രാദേശിക സർക്കാരിനെയോ ഗ്രാമപഞ്ചായത്ത് അധികാരികളെയോ ഇതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരുന്നുവെന്നും ഇയാൾ പറഞ്ഞു.
താനും ഒരു ചെറിയ സംഘവും ചേർന്ന് നിരവധി അജ്ഞാത മൃതദേഹങ്ങൾ വനമേഖലകളിൽ സംസ്കരിച്ചെന്നാണ് ഇയാൾ പറയുന്നത്. ഇതിന് ഔദ്യോഗിക മേൽനോട്ടമോ രേഖകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മൃതദേഹങ്ങൾ സംസ്കരിച്ച ടീമിലെ മറ്റ് നാല് പേരുടെ പേരുകളും ഇദ്ദേഹം വെളിപ്പെടുത്തി.
“ശ്മശാനങ്ങളോ കുഴിച്ചിടാനുള്ള സ്ഥലങ്ങളോ ഉണ്ടായിരുന്നില്ല. വനത്തിലും പഴയ റോഡുകളിലും പുഴയോരങ്ങളിലും മൃതദേഹങ്ങൾ കുഴിച്ചിടാറുണ്ടായിരുന്നു” – അദ്ദേഹം പറഞ്ഞു. ബഹുബലി കുന്നുകളിൽ ഒരു സ്ത്രീയുടെയും നേത്രാവതി നദീതീരത്ത് ഏകദേശം 70 മൃതദേഹങ്ങളും സംസ്കരിച്ചെന്നും ഇയാൾ പറയുന്നു.
‘സ്പോട്ട് 13’ എന്നറിയപ്പെടുന്ന ഒരിടത്ത് മാത്രം ഏകദേശം 70-നും 80-നും ഇടയിൽ മൃതദേഹങ്ങൾ ഉണ്ടായിരുന്നു. നാട്ടുകാർ ഇത് കണ്ടിട്ടും ഇടപെട്ടിരുന്നില്ല. ആളുകൾ ഞങ്ങളെ കണ്ടിരുന്നു, പക്ഷേ അവർ കാര്യമാക്കിയിരുന്നില്ല. ഞങ്ങൾക്ക് ഓർഡറുകൾ ലഭിക്കുമ്പോൾ മൃതദേഹങ്ങൾ കുഴിച്ചിടുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ജോലി – അദ്ദേഹം കൂട്ടിച്ചേർത്തു.
മരണകാരണം സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും, പല മൃതദേഹങ്ങളിലും അക്രമത്തിൻ്റെയും ലൈംഗികാതിക്രമത്തിൻ്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ഇദ്ദേഹം ആരോപിച്ചു. എങ്കിലും, ലൈംഗികാതിക്രമം നടന്നോ എന്ന് ഒരു മെഡിക്കൽ വിദഗ്ദ്ധന് മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. താൻ സംസ്കരിച്ച ഏകദേശം 100 മൃതദേഹങ്ങളിൽ 90-ഉം സ്ത്രീകളുടേതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കാലപ്പഴക്കം, വനവളർച്ച, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കാരണം ചില സംസ്കാര സ്ഥലങ്ങൾ നഷ്ടപ്പെട്ടതായി ഇദ്ദേഹം പറഞ്ഞു. നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്ന ഒരു പഴയ റോഡുണ്ടായിരുന്നു. എന്നാൽ, ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതോടെ ചില സ്ഥലങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ല. അന്ന് വനം ഇത്ര ഇടതൂർന്നിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതുവരെ, ഇയാൾ തിരിച്ചറിഞ്ഞ 13 സ്ഥലങ്ങളിൽ നിന്ന് ഒരു പുരുഷൻ്റേതടക്കം ഭാഗികമായ അസ്ഥികൂടാവശിഷ്ടങ്ങൾ മാത്രമാണ് SIT-ക്ക് കണ്ടെത്താൻ കഴിഞ്ഞത്. നൂറിലധികം മൃതദേഹങ്ങൾ ഉണ്ടെന്ന് താൻ വാദിക്കുമ്പോഴും കുറഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ മാത്രമേ കണ്ടെത്തിയുള്ളൂവെന്ന ചൊദ്യത്തിന്, “ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാം. ഞങ്ങൾ തന്നെയാണ് അവരെ സംസ്കരിച്ചത്, ഞങ്ങൾ സത്യം മാത്രമാണ് പറയുന്നത്” എന്നായിരുന്നു ഇയാളുടെ മറുപടി.
വർഷങ്ങൾക്കു ശേഷം മനശ്ശാന്തി തേടിയാണ് താൻ ധർമ്മസ്ഥലയിൽ തിരിച്ചെത്തിയതെന്ന് മുൻ ജീവനക്കാരൻ പറഞ്ഞു. “ഞാൻ അസ്ഥികൂടങ്ങളെക്കുറിച്ച് സ്വപ്നം കാണാറുണ്ടായിരുന്നു. എനിക്ക് കുറ്റബോധം തോന്നി, അതുകൊണ്ടാണ് ഞാൻ തിരിച്ച് വന്നത്,” – അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ചതിൻ്റെ ഭാരം തന്നെ വേട്ടയാടിയിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുകയല്ല, മൃതദേഹങ്ങൾ കണ്ടെത്തി അന്ത്യകർമ്മങ്ങൾ നടത്തുക എന്നതാണ് തൻ്റെ ഏക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
“ശരീരങ്ങൾ എവിടെയൊക്കെ കുഴിച്ചിട്ടിരിക്കുന്നുവെന്ന് കാണിച്ചു കൊടുക്കണം. ഒളിച്ചോടാൻ എനിക്ക് ഒരു കാരണവുമില്ല. ഇത് പൂർത്തിയാക്കി കുടുംബത്തിലേക്ക് മടങ്ങണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹങ്ങളിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുകയോ ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്തു എന്ന ആരോപണങ്ങൾ ഇദ്ദേഹം നിഷേധിച്ചു. “മോഷ്ടിച്ചാണ് ജീവിക്കേണ്ടതെങ്കിൽ, ഞാൻ എന്തിനാണ് ക്ഷേത്രത്തിൽ ജോലി ചെയ്യുന്നത്? ഞാൻ ഒരു ഹിന്ദു, പട്ടികജാതിയിൽപ്പെട്ടയാളാണ്” – അദ്ദേഹം പറഞ്ഞു.