Uae
ദുബൈയില്‍ ഡിസൈന്‍ സെക്ടര്‍ സ്ട്രാറ്റജി 2033 അംഗീകരിച്ചു
ദുബൈ ഡിസൈന്‍ വീക്കിന്റെ പത്താം പതിപ്പിനോട് അനുബന്ധിച്ചാണ് പുതിയ സ്ട്രാറ്റജി പ്രഖ്യാപിച്ചത്.
ദുബൈ|‘ഡിസൈന്‍ സെക്ടര്‍ സ്ട്രാറ്റജി 2033’ന് ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി (ദുബൈ കള്‍ച്ചര്‍) ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്വീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ഡിസൈനര്‍മാര്‍, ക്രിയേറ്റീവുകള്‍, വ്യവസായ വിദഗ്ധര്‍ എന്നിവര്‍ക്കിടയില്‍ ഏറ്റവും പുതിയ ഡിസൈന്‍ ട്രെന്‍ഡുകളും മികച്ച സമ്പ്രദായങ്ങള്‍ പങ്കിടുന്നതിനുള്ള മുന്‍നിര ലക്ഷ്യസ്ഥാനമാകാനുള്ള ദുബൈയുടെ ശ്രമത്തിന്റെ ഭാഗമാണ് തന്ത്രം. ദുബൈ ഡിസൈന്‍ വീക്കിന്റെ പത്താം പതിപ്പിനോട് അനുബന്ധിച്ചാണ് പുതിയ സ്ട്രാറ്റജി പ്രഖ്യാപിച്ചത്.
കല, സംസ്‌കാരം, രൂപകല്‍പ്പന എന്നിവയുടെ ആഗോള തലസ്ഥാനമായി മാറുന്നതിലേക്ക് ദുബൈ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണെന്നും ഡിസൈനര്‍മാര്‍ക്കും ക്രിയേറ്റീവുകള്‍ക്കും കഴിവുകള്‍ക്കുമുള്ള ഒരു അന്താരാഷ്ട്ര കേന്ദ്രമായി അത് മാറുകയാണെന്നും ശൈഖ ലത്വീഫ പറഞ്ഞു.
2033ഓടെ 20 ശതമാനം എന്റോള്‍മെന്റ് വര്‍ധനയോടെ ഡിസൈന്‍ വിദ്യാഭ്യാസം വര്‍ധിപ്പിക്കുക, 500 ഡിസൈന്‍ ബിസിനസ്സുകള്‍ക്കും 100ലധികം ഇവന്റുകള്‍ക്കുമുള്ള പിന്തുണ, 100ലധികം പുതിയ ഡിസൈന്‍ ബിസിനസുകള്‍ ഇന്‍കുബേറ്റ് ചെയ്യുകയും 2033-ഓടെ നാല് ദശലക്ഷം എക്സിബിഷന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഇത് ലക്ഷ്യമാക്കുന്നത്.