Business
ആവശ്യക്കാര്‍ ഏറെ; ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440യുടെ ബുക്കിംഗ് നിര്‍ത്തി
ബൈക്കിന് ഇതുവരെ 25,597 ബുക്കിംഗുകളാണ് ലഭിച്ചത്.

ന്യൂഡല്‍ഹി| ഹീറോയും ഹാര്‍ലിയും ചേര്‍ന്നുള്ള ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440 അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിനുശേഷം ബൈക്കിന്റെ ബുക്കിംഗും ആരംഭിച്ചു. ഇപ്പോള്‍ ബൈക്കിന് 25,500-ലധികം ബുക്കിംഗുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുക്കിംഗ് ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440 യ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് കമ്പനി വ്യക്തമാക്കി.
ബൈക്കിന് ഇതുവരെ 25,597 ബുക്കിംഗുകളാണ് ലഭിച്ചത്. ഇതില്‍ 65 ശതമാനത്തിലേറെയും ഉയര്‍ന്ന വിലയുള്ള എക്‌സ്440നാണ് ലഭിച്ചത്. 269,000 രൂപയാണ് ബൈക്കിന്റെ വില. ആദ്യ ബുക്കിംഗ് അവസാനിച്ചെന്നും ബുക്കിംഗിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. സെപ്തംബറില്‍ മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.