Kerala
കുണ്ടറയിലെ സൈനികന്റെ മരണം; മകന്‍ മരിച്ചത് പോലീസിന്റെ ക്രൂര മര്‍ദനത്താലെന്ന് മാതാവ് ഡെയ്‌സി
കുണ്ടറ പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കി.

കൊല്ലം|കുണ്ടറയിലെ സൈനികന്റെ മരണം പോലീസ് കസ്റ്റഡി മര്‍ദ്ദനത്താലെന്ന പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ തേടി തോംസണ്‍ തങ്കച്ചന്റെ മാതാവ് ഡെയ്‌സി. കുണ്ടറ പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ നിയമ പ്രകാരം ഡെയ്‌സി അപേക്ഷ നല്‍കി. 2024 ഡിസംബര്‍ 27നാണ് തോംസണ്‍ തങ്കച്ചന്‍(32) മരിച്ചത്. കുണ്ടറ പോലീസിന്റെ ക്രൂര മര്‍ദ്ദനമാണ് തോംസന്റെ മരണത്തിന് കാരണമെന്നാണ് മാതാവിന്റെ പരാതി. താന്‍ കടയില്‍ പോയി വരുമ്പോഴാണ് ഓട്ടോറിക്ഷയില്‍ മകനെ കൊണ്ടുവിടുന്നതെന്ന് മാതാവ് ഡെയ്‌സി പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ കെട്ടി നിര്‍ത്തി കാല്‍ പാദത്തില്‍ മര്‍ദിച്ചു. പ്രദീപ് എസ്‌ഐ തോക്ക് കൊണ്ട് പിറകില്‍ ഇടിച്ചുവെന്നും ലാത്തികൊണ്ട് തലയ്ക്ക് അടിച്ചുവെന്നും തോംസണ്‍ മാതാവ് ഡെയ്‌സിയോട് പറഞ്ഞിരുന്നു. റിമാന്‍ഡിലായ മകനെ അവശനിലയില്‍ പല തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ പോലീസ് പിടിച്ചു കൊണ്ടു പോയതും ജയിലില്‍ പ്രവേശിപ്പിച്ചതും അറിഞ്ഞിരുന്നില്ല. ജയിലില്‍ നിന്ന് മടങ്ങി എത്തിയ ശേഷമാണ് മര്‍ദ്ദന വിവരം മകന്‍ ഡെയ്‌സിയോട് പറയുന്നത്. താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ എടുത്തതില്‍ കയ്യിലും തലയിലുള്ള മുറിവും മുഖത്തെ നീരും രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ട് ഇത്രയും മുറിവുകളുള്ള വ്യക്തിയ്ക്ക് പോലീസുകാര്‍ ചികിത്സ നല്‍കിയില്ലെന്നും ഡെയ്‌സി ചോദിക്കുന്നു.
വീട്ടില്‍ ചികിത്സയിലിരിക്കെയാണ് തോംസണ്‍ മരിച്ചത്. കുറ്റക്കാരായ പോലീസുകാരെ ശിക്ഷിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും ഡെയ്‌സി കൂട്ടിച്ചേര്‍ത്തു.