Kerala
ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം: റാന്നി മാര്‍ത്തോമ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തല്‍; കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം
പത്തുലക്ഷം ധനസഹായം നല്‍കാനും ഉത്തരവ്

പത്തനംതിട്ട | ചികിത്സക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ബാലാവകാശ കമീഷന്‍. ചികിത്സ പിഴവിനെതുടര്‍ന്നാണ് കുട്ടിയുടെ മരണമെന്ന് കണ്ടെത്തിയ കമീഷന്‍, റാന്നി മാര്‍ത്തോമാ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും ഉത്തരവിട്ടു.
റാന്നി ഗവ. എം.റ്റി.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആരോണ്‍ വി. വര്‍ഗീസ് 2024 ഫെബ്രുവരിയിലാണ് മരിച്ചത്. പിന്നാലെ റാന്നി മാര്‍ത്തോമാ ആശുപത്രിയിലെ ചികിത്സപിഴവുമൂലമാണ് കുട്ടി മരിച്ചതെന്ന് പരാതി ഉയര്‍ന്നു. ഇതില്‍ അന്വേഷണം നടത്തിയശേഷമാണ് നടപടി. ആരോണ്‍ വി. വര്‍ഗീസിന്റ മാതാപിതാക്കള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും ബാലാവകാശ കമീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഹര്‍ജിയും റിപ്പോര്‍ട്ടുകളും സമഗ്രമായി പരിശോധിച്ചതില്‍ കുട്ടിയുടെ ചികിത്സയില്‍ പിഴവ് വന്നിട്ടുള്ളതായി ബോധ്യപ്പെട്ടതായി കമീഷന്‍ ഉത്തരവില്‍ പറയുന്നു. സ്വകാര്യ ആശുപത്രിക്ക് സഹായമേകാന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടത്തിയെന്നും കമീഷന്‍ കണ്ടെത്തി. വലതുകൈക്ക് ഒടിവുമായെത്തിയ വിദ്യാര്‍ത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്‌തേഷ്യ നല്‍കിയതാണ് മരണകാരണം. രാസപരിശോധന വൈകിപ്പിച്ചത് മനഃപൂര്‍വമാണ്. അഞ്ചു വയസുകാരന് അടിയന്തരമായി രാത്രി തന്നെ അനസ്‌തേഷ്യ നല്‍കേണ്ട ആവശ്യകത സംബന്ധിച്ച് വ്യക്തയില്ല. കുട്ടിക്ക് വിദഗ്ധ ചികിത്സ നേടുവാനുള്ള അവസരം നിഷേധിക്കപ്പെട്ടു. കുട്ടിയെ ഓപറേഷന്‍ തീയേറ്ററില്‍ കൊണ്ട് പോകുന്നതിനു മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. വലത് കൈമുട്ടിനു മുകളില്‍ വച്ച് ഒടിഞ്ഞ കുട്ടിക്ക് രാത്രിയില്‍ തന്നെ ശസ്ത്രക്രിയ നടത്തിയതിന്റെ കാരണം വ്യക്തതമല്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടിയെ ചികിത്സിച്ച ഓര്‍ത്തോപിഡിക്, അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവരില്‍ ഓര്‍ത്തോപീഡിക് ഡോക്ടര്‍ക്ക് ട്രാവന്‍കൂര്‍ – കൊച്ചിന്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കമീഷന്‍ ശുപാര്‍ശയിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ മാര്‍ത്തോമ മെഡിക്കല്‍ മിഷന്‍ ഡയറക്ടറും പത്തനംതിട്ട ജില്ല കലക്ടറും ജില്ല പോലീസ് മേധാവിയും 30 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും കമീഷന്‍ അംഗം എന്‍. സുനന്ദ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുമുണ്ട്?.
സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണാണ് റാന്നി അയിരൂര്‍ വെള്ളിയറ താമരശേരില്‍ ആരോണ്‍ പി.വര്‍ഗീസിന് (ആറ്) പരിക്കേറ്റത്. തുടര്‍ന്ന് മാര്‍ത്തോമാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും മരണപ്പെടുകയുമായിരുന്നു. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് മരണകാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി.