International
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്‌ഫോടനം; 52 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരുക്ക്
കൊല്ലപ്പെട്ടവരില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും.

ബലൂചിസ്ഥാന്‍ | പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 52 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ബലൂചിസ്ഥാനിലെ മസ്തങ് പ്രവിശ്യയിലുള്ള ഒരു പള്ളിക്ക് സമീപം നബിദിനാഘോഷത്തിനായി ആളുകള്‍ തടിച്ചുകൂടിയിരുന്ന ഭാഗത്താണ് സ്‌ഫോടനമുണ്ടായത്.
മസ്തങ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവാസ് ഗഷ്‌കോരിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ കാറില്‍ ഇരിക്കുന്ന സമയത്ത് ഇതിനടുത്തെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.
മൃതദേഹ ഭാഗങ്ങള്‍ സംഭവ സ്ഥലത്ത് ചിതറിക്കിടക്കുകയാണ്. പ്രദേശം പോലീസ് വളഞ്ഞിട്ടുണ്ട്. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. മസ്തങിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്കാന്‍ കറാച്ചി അഡീഷണല്‍ ഐ ജി. ഖാദിം ഹുസൈന്‍ കറാച്ചി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബലൂചിസ്ഥാനിലെ മതസൗഹാര്‍ദവും സമാധാനവും തകര്‍ക്കാനാണ് ശത്രുക്കളുടെ ശ്രമമെന്ന് ബലൂചിസ്ഥാന്‍ ഇടക്കാല വിവരാവകാശ മന്ത്രി ജാന്‍ അഷക്‌സായി പറഞ്ഞു.