Articles
ദളിതുകളും മതം മാറ്റത്തിന്റെ മറുവശങ്ങളും
അയിത്തം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന ഗാന്ധിജിയുടെ അന്നത്തെ പ്രതീക്ഷ ഇന്നും അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതം മാറ്റം. അവിടുത്തെ ദളിതര്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാനാണ് ആഗ്രഹിക്കുന്നത്. മതം മാറിയാല്‍ മാന്യത ലഭിക്കുമെന്ന അംബേദ്കറുടെ ദര്‍ശനം ശരിവെക്കുന്നതാണ് ഗുജറാത്തിലെ ദളിതരുടെ അനുഭവം.

ഹിന്ദുത്വവാദികള്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയായി വിശേഷിപ്പിക്കുന്ന ഗുജറാത്തില്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധ മതത്തിലേക്ക് ഒഴുകുന്നവരുടെ എണ്ണം അനുദിനം കൂടി വരികയാണ്. മതംമാറ്റ നിരോധന നിയമം തിരക്കിട്ടു നടപ്പാക്കിയ ഗുജറാത്തില്‍ നടക്കുന്ന ഈ തുടര്‍ മതം മാറ്റം വാര്‍ത്തയല്ലാതാകുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാണല്ലോ. ഈയിടെ ഗാന്ധി നഗറില്‍ 14,000ത്തിലേറെ ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധ മതം സ്വീകരിക്കുകയുണ്ടായി. ജാതി ഹിന്ദുക്കളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളില്‍ നിന്നും തൊട്ടുകൂടായ്മയില്‍ നിന്നുമുള്ള മോചനം മതം മാറുന്നതിലൂടെ നേടാനാകുമെന്ന് എന്നത്തെയും പോലെ ദളിതര്‍ ഇപ്പോഴും വിശ്വസിച്ചു പോരുന്നു. ഡോ. ബാബാ സാഹേബ് അംബേദ്കര്‍ മരണപ്പെട്ട് ഏഴ് ദശകം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് സമത്വം ലഭിക്കണമെങ്കില്‍ മതം മാറ്റം അനിവാര്യമാണെന്ന് ചിന്തിക്കുന്ന അവസ്ഥയില്‍ നിന്ന് മാറി നില്‍ക്കാന്‍ ദളിതര്‍ക്ക് സാധിച്ചിട്ടില്ല.
ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതം മാറ്റത്തെ കുറിച്ച് ലോകത്തെ അറിയിച്ചിരിക്കുന്നത് “ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി തയ്യാറാക്കിയ ബി ബി സി തന്നെയാണ്. കഴിഞ്ഞ ദിവസം ബി ബി സി പുറത്തുവിട്ട വാര്‍ത്തയില്‍ ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഗുജറാത്തിലെ ദളിതരുടെ ഇന്നത്തെയും അന്നത്തെയും ജീവിതരീതി വരച്ചു കാട്ടുന്നു. ബി ബി സി റിപോര്‍ട്ടര്‍ റോക്‌സി കാക സോക്കര്‍ സാറയോട് മത പരിവര്‍ത്തനം നടത്തിയ ബാലു ഭായി സര്‍വയ്യ പറഞ്ഞത്, ഞങ്ങള്‍ മതം മാറിയതോടെ നമ്മുടെ നാടും ആകെ മാറി എന്നാണ്. മതം മാറിയ ഞങ്ങളാണോ അതല്ല ജാതി ഹിന്ദുക്കളായ ഗ്രാമീണരാണോ മാറിയതെന്ന കൗതുകവും ബാലു ഭായി പങ്കുവെക്കുന്നു.
ഗുജറാത്ത് ഉനയിലെ മോട്ട സമതിയാലയിലെ അറുപതുകാരനായ ബാലു ഭായ് സര്‍വയ്യ കുട്ടിക്കാലം മുതല്‍ ചെയ്തു പോരുന്നത് ചത്ത കന്നുകാലികളുടെ തോലുരിച്ച് വില്‍പ്പന നടത്തുന്ന ജോലിയായിരുന്നു. പരമ്പരാഗതമായി ചെയ്തുവരുന്ന ജോലി. ബാലു ഭായിയുടെ മക്കളും മറ്റു കുടുംബാംഗങ്ങളും ഇതേ ജോലി ചെയ്യുന്നവരാണ്. 2016 ജൂലൈ 11ന് പതിവുപോലെ ബാലു ഭായിയുടെ മക്കളായ വശ്രാം, മുകേഷ്, ബന്ധുക്കളായ രമേഷ്, ബേച്ചാര്‍ എന്നിവര്‍ ജോലി ചെയ്തു വരവെ പശു സംരക്ഷകരെന്നവകാശപ്പെട്ട് ഒരു സംഘം ഇവരെ വളഞ്ഞിട്ടു മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച ബാലു ഭായിയെയും ഭാര്യ കന്‍വറിനെയും അവര്‍ വെറുതെ വിട്ടില്ല. അക്രമകാരികള്‍ നാല് പേരെയും ബന്ധനസ്ഥരാക്കി വാഹനത്തില്‍ കയറ്റി ഉനയിലേക്കു കൊണ്ടുപോയി. അര്‍ധ നഗ്നരാക്കപ്പെട്ട ദളിതരെ വടിയും ചാട്ടവാറുമുപയോഗിച്ച് ജനക്കൂട്ടം കണ്ടുനില്‍ക്കെ ക്രൂരമായി മര്‍ദിച്ചു. അര്‍ധ പ്രാണരായ ദളിതരെ ഉന ടൗണ്‍ പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞു. ദളിത് സഹോദരന്മാരെ അക്രമിച്ചത് കശാപ്പ് ജോലി ചെയ്യുന്ന മുസ്‌ലിംകളാണെന്നു കരുതിയായിരുന്നു. ആളെ തിരിച്ചറിഞ്ഞതു കൊണ്ട് ദളിത് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ല. ഏതായാലും സംഭവം ഉനയിലെ ദളിതരെ ഹിന്ദു മതം ഉപേക്ഷിക്കുന്നതിലും ബുദ്ധ മതം സ്വീകരിക്കുന്നതിലും കൊണ്ടെത്തിച്ചു.
ദളിതര്‍ക്ക് നേരേയുണ്ടായ അക്രമം രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. എം പിമാര്‍ സംഭവം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അലയടിച്ചു. അംറോയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പ്രതിഷേധം തണുപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഏതാനും പോലീസുകാരെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഇരകള്‍ക്ക് ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇരകളും അവരുടെ സമുദായവും ഒരു തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. സമുദായത്തിലെ മേലാളന്മാരുടെ അവഗണനയില്‍ നിന്നും തൊട്ടുകൂടായ്മയില്‍ നിന്നും ശാശ്വത മോചനം അവർ ആഗ്രഹിച്ചു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും ഭൂവുടമകളടക്കമുള്ള ഉയര്‍ന്ന ജാതിക്കാര്‍ ദളിതരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തില്ല എന്നവര്‍ക്കറിയാമായിരുന്നു. സംഭവം നടന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം, 2018 ഏപ്രില്‍ 26ന് ബാലു ഭായിയും കുടുംബവും ഒപ്പം ഗ്രാമീണരായ ദളിതരും ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധ മതം സ്വീകരിച്ചു.
2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ബുദ്ധ മതസ്ഥരുടെ എണ്ണം 8.43 ദശ ലക്ഷമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.7 ശതമാനം. കേരളവും ഒരു കാലത്ത് ബുദ്ധ മതസ്ഥര്‍ ഏറെയുണ്ടായിരുന്ന സ്ഥലമായിരുന്നു. ചേര രാജാക്കന്മാരുടെ കാലത്ത് കേരളത്തില്‍ ബുദ്ധ മത സാന്നിധ്യം സജീവമായിരുന്നു. ബുദ്ധ മതസ്ഥരുടെ ആരാധനാലയങ്ങളായ ഒട്ടേറെ ബുദ്ധ വിഹാരങ്ങളും മലയാളക്കരയിലുണ്ടായിരുന്നു. കേരളത്തിലെ ഹിന്ദുക്കളില്‍ കാണപ്പെടുന്ന കെട്ടുകാഴ്ച, ശാലയോട്ടം, കുത്തിയോട്ടം, താലപ്പൊലി, അന്നംകെട്ട് തുടങ്ങിയ ആചാരങ്ങള്‍ ബുദ്ധമതത്തില്‍ നിന്ന് സ്വീകരിച്ചവയാണ്. രാജ്യത്തെ മറ്റു ഭാഗങ്ങളിലും ബുദ്ധമത സ്വാധീനം ശക്തമായിരുന്നു. നളന്ദയും തക്ഷ ശിലയും രാജ്യത്തിനു സമ്മാനിച്ച ബുദ്ധമതത്തിന്റെ സുവര്‍ണ കാലം ഇന്ത്യയില്‍ അസ്തമിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. 1950ല്‍ രാജ്യത്തെ ബുദ്ധ മതാനുയായികളുടെ എണ്ണം രണ്ട് ലക്ഷമായിരുന്നു. ബാബാ സാഹേബ് അംബേദ്കറുടെ നേതൃത്വത്തില്‍ നടന്ന മതം മാറ്റവും ചൈന നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് എത്തിയവരും കാനേഷുമാരി പട്ടികയില്‍ ചേര്‍ക്കപ്പെട്ടപ്പോള്‍ രാജ്യത്തെ ബുദ്ധ മതസ്ഥരുടെ എണ്ണം വര്‍ധിച്ചു. 1956ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ ഡോ. അംബേദ്കറോടൊപ്പം 6.35 ലക്ഷം ദളിതര്‍ ഹിന്ദു മതം വിട്ട് ബുദ്ധ മതം സ്വീകരിച്ചു. ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ നടന്ന ഈ മതം മാറ്റം പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല.
1936 ഒക്ടോബറില്‍ അംബേദ്കറുടെ അധ്യക്ഷതയില്‍ മഹാരാഷ്ട്രയിലെ നാസികില്‍ ദളിതരുടെ മഹായോഗം ചേരുകയുണ്ടായി. യോഗത്തിന്റെ പ്രമേയം, “അധകൃതര്‍ ഹിന്ദു മതവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് പരിപൂര്‍ണ സമത്വം അനുവദിക്കുന്ന മറ്റേതെങ്കിലും മതത്തില്‍ ചേരണം’ എന്നായിരുന്നു. അധ്യക്ഷ പ്രസംഗത്തില്‍ ദളിതര്‍ നേരിടുന്ന അനീതികളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും അംബേദ്കര്‍ വിവരിക്കുകയുണ്ടായി. “ജാതി ഹിന്ദുക്കളുടെ മനസ്സ് മാറ്റാനുള്ള ശ്രമങ്ങള്‍ നാം ഏറെ നടത്തിക്കഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ ആ ശ്രമങ്ങളൊക്കെ പരാജയമായിരുന്നു. ജാതി ഹിന്ദുക്കളുടെ മനസ്സ് മാറ്റാനായി നാം ഇനി സമയം കളയേണ്ടതില്ല. ജാതി ഹിന്ദുക്കളുടെ മനസ്സ് മാറ്റാനോ അവരില്‍ നിന്ന് സഹകരണം നേടിയെടുക്കാനോ അധകൃതര്‍ എന്ന പേര് ചാര്‍ത്തിക്കിട്ടിയ നമുക്ക് ഒരിക്കലും സാധ്യമല്ല. ഈ അവസ്ഥയില്‍ നിന്ന് മോചനം നേടാനുള്ള ഏക മാര്‍ഗം ഹിന്ദു മതവുമായുള്ള സകല ബന്ധവും ഉപേക്ഷിക്കലാണ്. സമത്വം അനുവദിക്കാത്തവരുമായുള്ള ബന്ധം അവസാനിപ്പിക്കണം. ഹിന്ദുവെന്ന പേര് വഹിക്കുന്നത് കൊണ്ടാണ് നമ്മോടിങ്ങനെ പെരുമാറുന്നത്. വേറൊരു മതത്തിലാണ് നാമെങ്കില്‍ അവരിങ്ങനെ പെരുമാറില്ല. അധകൃതര്‍ എന്ന പേരുവഹിച്ച് കൊണ്ട് ജന്മം കൊണ്ട നമുക്ക് ഒരിക്കലും ഹിന്ദുവായി മരിക്കാനാകില്ല’.
ഡോ. അംബേദ്കറുടെ പ്രസംഗത്തെയും സമ്മേളന പ്രമേയത്തെയും ഗാന്ധിജിയും കോണ്‍ഗ്രസ്സും എതിര്‍ത്തു. അംബേദ്കറുടെ പ്രസംഗവും സമ്മേളന പ്രമേയവും അവിശ്വസനീയമാണെന്ന് ഗാന്ധിജി എഴുതി. അയിത്തം ഇല്ലാതായിക്കൊണ്ടിരിക്കെ ഇത്തരം ഒരു പ്രമേയം അസ്ഥാനത്താണെന്നും വസ്ത്രം മാറുന്നതു പോലെ മാറാനുള്ളതല്ല മതമെന്നും ഗാന്ധിജി വിശദീകരിച്ചു. ദളിത് സമ്മേളന പ്രമേയത്തെ ഗാന്ധിജിയും കോണ്‍ഗ്രസ്സും എതിര്‍ത്തതിനെ അന്ന് ചിലര്‍ ചോദ്യം ചെയ്തിരുന്നു.
അയിത്തം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന ഗാന്ധിജിയുടെ അന്നത്തെ പ്രതീക്ഷ ഇന്നും അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതം മാറ്റം. അവിടുത്തെ ദളിതര്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാനാണ് ആഗ്രഹിക്കുന്നത്. മതം മാറിയാല്‍ മാന്യത ലഭിക്കുമെന്ന അംബേദ്കറുടെ ദര്‍ശനം ശരിവെക്കുന്നതാണ് ബാലു ഭായിയുടെയും ഒപ്പം മതം മാറിയവരുടെയും അനുഭവം. ദളിതര്‍ക്കെതിരെ വിവേചനം നിലനിന്നിരുന്ന അവസ്ഥയില്‍ നിന്ന് ഗ്രാമം ഏറെ മാറി. അങ്കൺവാടിയില്‍ കുട്ടികളെ ചേര്‍ക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ ചെന്നാല്‍ അവസാനത്തെ ജാതി ഹിന്ദുവും കടയില്‍ നിന്ന് പിരിഞ്ഞു പോകുന്നതു വരെ കത്തിരിക്കണം. ദളിതര്‍ക്കായി കടകളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഈ അവസ്ഥകള്‍ക്ക് മാറ്റം വന്നുതുടങ്ങി.
പശു സംരക്ഷകരുടെ ക്രൂരതക്ക് വിധേയനായ വശ്രാം സര്‍വയ്യ പറയുന്നു- “മുഷിഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്ന ഞങ്ങള്‍ക്കിപ്പോള്‍ നല്ല വസ്ത്രങ്ങള്‍ ധരിച്ച് സഞ്ചരിക്കാന്‍ സാധിക്കുന്നു. മക്കളെ മെഡിക്കലിനോ എന്‍ജിനീയറിംഗിനോ പഠിപ്പിക്കാന്‍ സാധിക്കും. ആരും ചെരിപ്പും വടികളുമായി ഞങ്ങളെ പിന്തിരിപ്പിക്കാന്‍ വരില്ല. കടകളില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ കടക്കാര്‍ മറ്റുള്ളവരില്‍ നിന്നെന്ന പോലെ ഞങ്ങളുടെ കൈയില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്നു.’
2011ലെ സെന്‍സസ് പ്രകാരം ഗുജറാത്തിലെ ബുദ്ധ മത ജനസംഖ്യ 30.5 ലക്ഷമാണ്. 2016ന് ശേഷം ഗുജറാത്തിലെ ബുദ്ധ മതാനുയായികളുടെ എണ്ണം മതം മാറ്റത്തിലൂടെ ഏതാണ്ട് ഇരട്ടിയായി വര്‍ധിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധ മതാനുയായികളുള്ളത് ഡോ. അംബേദ്കറുടെ സംസ്ഥനമായ മഹാരാഷ്ട്രയിലാണ്. 2011ലെ സെന്‍സസ് പ്രകാരം മഹാരാഷ്ട്രയിലെ ബുദ്ധ മത ജനസംഖ്യ 6.31 കോടിയാണ്. അന്താരാഷ്ട്ര സംഘടനയായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ 2021ലെ റിപോര്‍ട്ട് പ്രകാരം രാജ്യത്തെ മൊത്തം ബുദ്ധ മതക്കാരില്‍ 89 ശതമാനവും ദളിതരാണ്.