Kerala
സീക്യു അലിഫ് ഡേ ഗ്ലോബല്‍ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു
ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും 152 സ്‌കൂളുകളിലെ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു

കോഴിക്കോട് | മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സീക്യു പ്രീസ്‌കൂള്‍ നെറ്റ്വര്‍ക്ക് പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അലിഫ് ഡേയുടെ ഗ്ലോബല്‍ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും 152 സ്‌കൂളുകളില്‍ അയ്യായിരത്തോളം കുട്ടികള്‍ ആദ്യാക്ഷരം എഴുതി.
മൂന്ന് മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മൂന്ന് വര്‍ഷത്തെ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്ന സീക്യു പ്രീസ്‌കൂള്‍, പരമ്പരാഗത നഴ്‌സറി സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി കളികളിലൂടെയും പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെയും ഭാഷാ വിദ്യാഭ്യാസത്തോടൊപ്പം സമഗ്രബോധനമാണ് നല്‍കുന്നത്. മാതൃഭാഷ, ഇംഗ്ലീഷ്, അറബി, ഹിന്ദി എന്നീ ഭാഷകളോടൊപ്പം ഗണിതവും പരിസ്ഥിതി പഠനവും ഉള്‍ക്കൊള്ളുന്ന സംവിധാനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരയണവും മനഃപാഠവും പഠിപ്പിക്കുന്നുണ്ട്.
മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ നടന്ന അലിഫ് ഡേ ചടങ്ങില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സി മുഹമ്മദ് ഫൈസി, സി പി സിറാജുദ്ദീന്‍ സഖാഫി, സി കെ എം ശാഫി സഖാഫി, ഇല്‍യാസ് അബ്ദുല്ല പങ്കെടുത്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി കവരത്തി തുടങ്ങിയവര്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ അലിഫ് ഡേക്ക് നേതൃത്വം നല്‍കും.