Kerala
രാഹുലിന്റെ രാജിയോടെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി പിരിച്ച കോടികളുടെ ഉത്തരവാദിത്വം ഇനിയാര്‍ക്ക്; ചോദ്യവുമായി സി പി എം വയനാട് സെക്രട്ടറി
കോടികള്‍ പിരിച്ചിട്ടും അക്കൗണ്ടില്‍ ബാക്കിയുണ്ടെന്ന് പറയുന്ന 88 ലക്ഷം ഇപ്പോഴും അക്കൗണ്ടില്‍ ഉണ്ടോ എന്നതിലും കോണ്‍ഗ്രസ് നേതൃത്വം വ്യക്തത വരുത്തണം.

കല്‍പറ്റ | ലൈംഗികാരോപണത്തില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവച്ചതോടെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുവെച്ച് നല്‍കുന്നതിനായി പിരിച്ചെടുത്ത കോടികണക്കിനു രൂപയുടെ ഉത്തരവാദിത്വം ഇനി ആര്‍ക്കാണെന്ന ചോദ്യവുമായി സി പി എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ഇക്കാര്യം കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കണമെന്ന് റഫീഖ് ഫേസ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങളെ മാത്രമല്ല വയനാട്ടിലെ ഒരു കൂട്ടം ആളുകളെ കൂടിയാണ് കോണ്‍ഗ്രസ് നേതൃത്വം പിന്നില്‍ നിന്ന് കുത്തിയിരിക്കുന്നത്.
പിരിച്ച കോടികളുടെയും വാഗ്ദാനം ചെയ്യപ്പെട്ട 30 വീടുകളുടെയും ഉത്തരവാദിത്വം ഇനി ആര്‍ക്കാണ്? കോടികള്‍ പിരിച്ചിട്ടും അക്കൗണ്ടില്‍ ബാക്കിയുണ്ടെന്ന് പറയുന്ന 88 ലക്ഷം ഇപ്പോഴും അക്കൗണ്ടില്‍ ഉണ്ടോ എന്നതിലും കോണ്‍ഗ്രസ് നേതൃത്വം വ്യക്തത വരുത്തണം. ഏതാണ്ട് നാലു കോടിയോളം രൂപ പിരിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറഞ്ഞതായി വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ 88 ലക്ഷം രൂപ മാത്രം പിരിഞ്ഞ് കിട്ടിയെന്നാണ് ലൈംഗികാരോപണമുള്‍പ്പെടെയുള്ള ഗുരുതരമായ തെളിവുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് സ്ഥാനം രാജിവച്ച, പണപ്പിരിവിന് നേതൃത്വം നല്‍കിയ മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പരസ്യമായി പറഞ്ഞതെന്നും റഫീഖ് പ്രതികരിച്ചു.
കെ റഫീഖിന്റെ എഫ് ബി കുറിപ്പ്:
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങളെ മാത്രമല്ല വയനാട്ടിലെ ഒരു കൂട്ടം ആളുകളെ കൂടിയാണ് കോണ്‍ഗ്രസ് നേതൃത്വം പിന്നില്‍ നിന്ന് കുത്തിയിരിക്കുന്നത്. അടിമുടി വ്യാജനാണ് എന്ന് ബോധ്യമുള്ള ഒരാളെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കുന്നതിനായി പണപ്പിരിവിന് അവസരം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. 8 ലക്ഷം രൂപ ചെലവില്‍ 30 വീടുകള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു കോടികളുടെ പണപ്പിരിവ്. ഏതാണ്ട് നാലു കോടിയോളം രൂപ പിരിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞതായി വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ 88 ലക്ഷം രൂപ മാത്രം പിരിഞ്ഞ് കിട്ടിയെന്നാണ് ലൈംഗീകാരോപണമുള്‍പ്പെടെയുള്ള ഗുരുതരമായ തെളിവുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് സ്ഥാനം രാജിവച്ച, പണപ്പിരിവിന് നേതൃത്വം നല്‍കിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. എന്തായാലും കോടികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടി പിരിച്ചുവെന്നതില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പോലും തര്‍ക്കമുണ്ടാകില്ല. പണം അടിച്ച് മാറ്റിയത് ചോദ്യം ചെയ്ത വയനാട്ടില്‍ നിന്നുള്ളവര്‍ അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കായതും നമുക്ക് മുന്നിലുണ്ട്.
ലൈംഗികാതിക്രമണമുള്‍പ്പെടെയുള്ള ഒരുപാട് ക്രിമിനല്‍ പ്രവര്‍ത്തികളുടെ ഗുരുതരമായ തെളിവുകള്‍ ഓരോന്നായി പുറത്ത് വന്നതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട സാഹചര്യത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീട് വച്ച് നല്‍കുമെന്ന് പറഞ്ഞ് പിരിച്ച കോടികളുടെയും വാഗ്ദാനം ചെയ്യപ്പെട്ട 30വീടുകളുടെയും ഉത്തരവാദിത്വം ഇനി ആര്‍ക്കാണെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാകേണ്ടതുണ്ട്. കോടികള്‍ പിരിച്ചിട്ടും അക്കൗണ്ടില്‍ ബാക്കിയുണ്ടെന്ന് പറയുന്ന 88ലക്ഷം ഇപ്പോഴും അക്കൗണ്ടില്‍ ഉണ്ടോ എന്നതിലും കോണ്‍ഗ്രസ് നേതൃത്വം വ്യക്തത വരുത്തണം
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പേരില്‍ പിരിച്ച കോടികളുടെ ഒരു പങ്ക് എവിടെ പോയി എന്നത് ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്കെതിരെ സൈബര്‍ അറ്റാക്ക് നടത്താന്‍ ഈ പണത്തിന്റെ പങ്ക് ഉപയോഗിച്ചു എന്ന് വേണം കാണാന്‍. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള പരാതിയില്‍ മുഖം നഷ്ടപ്പെട്ട നേതാവിനെ വെളുപ്പിച്ചെടുക്കാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പി ആര്‍ പണിക്ക് ലക്ഷങ്ങള്‍ തന്നെ ചെലവിടുന്നുണ്ടെന്നത് വ്യക്തമാണ്. ഈ പണം മറ്റെവിടെ നിന്ന് വന്നതാണ്?. ദുരന്ത ബാധിതരുടെ പേരില്‍ പിരിച്ച, കണക്കില്‍ വരാത്ത കോടികളുടെ ഒരു പങ്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് ലൈംഗിക വൈകൃതത്തോടെ പേരുമാറിയതിന്റെ പേരില്‍ മുഖം നഷ്ടപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ പുട്ടിയിട്ട് വെളുപ്പിക്കാന്‍ ചെലവഴിച്ച് കൊണ്ടിരിക്കുന്നത്.
എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കള്‍ പലരും ഒരു നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് നിലപാട് തിരുത്തിയത് എന്തിനാണെന്നതില്‍ കോണ്‍ഗ്രസിലെ മൂന്നംഗ കറക്ക് കമ്പനി ടീമിന്റെ കൗശലം വ്യക്തമാണ്. പാലക്കാട് എംഎല്‍എയെ കൈവിട്ടാല്‍ മറ്റ് കാര്യങ്ങള്‍ക്കൊപ്പം ദുരന്ത ബാധിതരുടെ പേരില്‍ പിരിച്ച, കണക്കില്‍ വരാത്ത കോടികളുടെ ഷെയര്‍ ആര്‍ക്കൊക്കെ കിട്ടിയെന്നതും പുറത്ത് വരുമെന്ന് നിശ്ചയമാണ്. രാജിവേണ്ടെന്ന തീരുമാനത്തിന് പിന്നിലും ഈ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടെന്നതില്‍ ആര്‍ക്കാണ് സംശയമുള്ളത്.
ഈ നിലയില്‍ വയനാട്ടുകാരെ കൂടി പിന്നില്‍ നിന്ന് കുത്തിയാണ് രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്. ദുരന്ത ബാധിതരുടെ പേരില്‍ പിരിച്ച, കണക്കില്‍ വരാത്ത കോടികളുടെ ഉത്തരവാദിത്തം ആരേറ്റെടുക്കും എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറഞ്ഞേ മതിയാകു. വാഗ്ദാനം ചെയ്ത 30 വീടുകളുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും കെപിസിസി നേതൃത്വം ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്.
വയനാട്ടിലെ ദുരന്തബാധിതരുടെ പേരില്‍ കേരളത്തിലെ ബഹുജനങ്ങളെ വഞ്ചിച്ച നേതാവിന്റെ മേല്‍ കോണ്‍ഗ്രസിന് ഇനി ഉത്തരവാദിത്വം ഇല്ലെന്ന് പറയുമ്പോള്‍ അതിനാല്‍ തന്നെ പാലക്കാടുകാരും വയനാട്ടുകാരും ഒരുപോലെ വഞ്ചിതരായിരിക്കുകയാണ്. എന്ത് പ്രശ്‌നത്തിന് പരിഹാരം കണ്ടു എന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത് എന്ന് എന്തായാലും മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കൂടി ബോധ്യപ്പെടേണ്ടതുണ്ട്. അത് വ്യക്തമാക്കേണ്ട ബാധ്യത കെ പി സി സി നേതൃത്വത്തിനും ഉണ്ട്.
കെ റഫീഖ്