Connect with us

Kerala

മേയര്‍ ബീന ഫിലിപ്പിന്റെ നിലപാടിനെ പരസ്യമായി തള്ളി സി പി എം

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധം

Published

|

Last Updated

കോഴിക്കോട് | ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പിനെ തള്ളി സി പി എം. ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ഒരു നിലക്കും ഇത് അംഗീകരിക്കില്ല. സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് മേയറുടെ നടപടി. ഇതിനെ പാര്‍ട്ടി പരസ്യമായി തള്ളുന്നുവെന്നും മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത മേയര്‍ ബീന ഫിലിപ്പ് കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നും വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇത് വലിയ വാര്‍ത്തയാകുകയും വിവാദങ്ങള്‍ ഉയരുകയും ചെയ്തതോടെ ബീന ഫിലിപ്പ് വിശദീകരണം നടത്തിയിരുന്നു. ബാലഗോകുലം സംഘ്പരിവാര്‍ സംഘടനയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മേയര്‍ പറഞ്ഞത്. അമ്മമാരുടെ കൂട്ടായ്മയെന്ന രീതിയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് പറഞ്ഞ മേയര്‍ പരിപാടിക്ക് പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞതെന്നും വിവാദമുണ്ടായതില്‍ ഏറെ ദുഖമുണ്ടെന്നും മേയര്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേയറെ പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്.

 

 

 

Latest