Kerala
സിപിഎമ്മിലെ പരാതി ചോര്‍ച്ച വിവാദം; അസംബന്ധങ്ങളോട് പ്രതികരിക്കില്ലെന്ന് എം വി ഗോവിന്ദന്‍
കത്തിന്റെ പകര്‍പ്പ് എല്ലാവരുടെയും പക്കല്‍ ഉണ്ടല്ലോ

ന്യൂഡല്‍ഹി | സിപിഎമ്മിലെ പരാതി ചോര്‍ച്ച വിവാദത്തില്‍ പ്രതികരിക്കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കത്തിന്റെ പകര്‍പ്പ് എല്ലാവരുടെയും പക്കല്‍ ഉണ്ടല്ലോ എന്നും ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മറ്റ് കാര്യങ്ങള്‍ പിന്നെ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പിബി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു ഗോവിന്ദന്‍.
സിപിഎം നേതാക്കളും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുമായി ലണ്ടനിലെ മലയാളി വ്യവസായിയായ രാജേഷ് കൃഷ്ണ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോയ്ക്ക് സ്വകാര്യ വ്യക്തി നല്‍കിയ രഹസ്യ പരാതി ചോര്‍ന്നതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.
പത്തനംതിട്ട സ്വദേശിയും എസ്എഫ്‌ഐ മുന്‍ ജില്ലാ ഭാരവാഹിയും ലണ്ടന്‍ വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്ക് സംസ്ഥാനത്തെ മന്ത്രിമാര്‍ അടക്കമുള്ളവരുമായി സാന്പത്തിക ഇടപാടുകളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയിലെ വ്യവസായി 2021 ലാണ് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയത്.
വിദേശത്തെ ചില കടലാസ് സ്ഥാപനങ്ങളുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍നിന്നു പണം തട്ടുകയും ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത കന്പനി വഴി ഈ പണം നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. എന്നാല്‍ നടപടിയുണ്ടായില്ല
മധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി ലണ്ടനിലെ വിവാദ വ്യവസായി എത്തിയെങ്കിലും ഇയാള്‍ക്കെതിരേ സാമ്പത്തികമുള്‍പ്പെടെയുള്ള ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിക്കാതെ മടക്കി അയച്ചിരുന്നു. സിപിഎം പിബി അംഗമായിരുന്ന അശോക് ധാവ്‌ളെയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാദ വ്യവസായിയെ പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്നു വിലക്കിയത്.