Kerala
കരിപ്പൂർ വിമാനത്താവളത്തിൽ കൊറിയർ ഹബ്ബ് വരുന്നു
ഏറ്റവും കൂടുതൽ പഴം, പച്ചക്കറികൾ കയറ്റുമതി ചെയ്യുന്ന വിമാനത്താവളങ്ങളിലൊന്ന്

കോഴിക്കോട് | കരിപ്പൂർ വിമാനത്താവളത്തെ കൊറിയർ ഹബ്ബാക്കി മാറ്റുന്നു. കയറ്റുമതി രംഗത്തെ വിവിധ സംഘടനകളുമായി കോഴിക്കോട്ട് നടത്തിയ ചർച്ചക്ക് ശേഷം ചീഫ് കസ്റ്റംസ് ആൻഡ് സെൻട്രൽ കമ്മീഷണർ എസ് കെ റഹ്്മാനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പഴം, പച്ചക്കറികൾ അടക്കമുള്ള വസ്തുക്കൾ കയറ്റുമതി ചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നാണ് കോഴിക്കോട്.
നഞ്ചൻകോട്, ഊട്ടി ഭാഗങ്ങളിൽ നിന്നടക്കം എത്തുന്ന പഴം- പച്ചക്കറികൾ കോഴിക്കോട്ടാണ് എത്തുന്നത്. നിലവിൽ വേണ്ടത്ര സൗകര്യമില്ലാത്തത് കാരണം ബെംഗളൂരു, മുംബൈ വിമാനത്താവളം വഴിയാണ് കൂടുതൽ കൊറിയർ സർവീസുകൾ നടക്കുന്നത്.
വൻകിട കൊറിയർ കമ്പനികളായ അരാമെക്‌സ്, ഡി എച്ച് എൽ, ബ്ലൂഡാർട്ട് തുടങ്ങിയവർ കോഴിക്കോട്ട് നിന്നുള്ള സർവീസിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡാ (കെ എസ് ഐ ഇ)ണ് കൊറിയർ ടെർമിനലിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ടത്.
സൗകര്യങ്ങൾ പൂർണമാണെന്ന് ബോധ്യപ്പെട്ടാൽ കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്. ലാബ് അടക്കമുള്ള സൗകര്യങ്ങൾ ഇതിന് ഒരുക്കേണ്ടി വരും. കരിപ്പൂരിൽ ലഗേജ് ചെക്കിംഗ് വിഭാഗത്തിൽ കൂടുതൽ സ്‌കാനിംഗ് മെഷീനുകൾ സ്ഥാപിക്കുമെന്നും ബേപ്പൂരിൽ കയറ്റിറക്കുമതി സൗകര്യം സുഗമമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂർ തുറമുഖത്ത് ഇലക്‌ട്രോണിക് ഡാറ്റ ഇന്റർചേഞ്ച് സംവിധാനം കൊണ്ടുവരുമെന്നും എൻ ഐ ടിയുടെ സഹായത്തോടെ കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം തയ്യാറാക്കി സമർപ്പിച്ച ഒമ്പത് നിർദേശങ്ങളടങ്ങിയ നിവേദനത്തിനുള്ള മറുപടിയായി ചീഫ് കസ്റ്റംസ് ആൻഡ് സെൻട്രൽ കമ്മീഷണർ വ്യക്തമാക്കി.
ചീഫ് കസ്റ്റംസ് ആൻഡ് സെൻട്രൽ കമ്മീഷണർ എസ് കെ റഹ്മാൻ, കൊച്ചി കസ്റ്റംസ് കമ്മീഷണർ ഗുർകരൺ സിംഗ് ബെയ്ൻസ്, കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മീഷണർ ശശികാന്ത് ശർമ, കാലിക്കറ്റ് എയർപോർട്ട് ഓപറേഷൻസ് മാനേജർ ഉഷാകുമാരി, പ്ലാന്റ് ക്വാറന്റൈൻ വിഭാഗം ഓഫീസർ പി പ്രകാശ്, കെ എസ് ഐ ഇ കാർഗോ വിഭാഗം മേധാവി വിവേക് എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി ടി മുൻഷിദ് അലി, കെ എം ഹമീദ് അലി, സിറാജുദ്ദീൻ ഇല്ലത്തൊടി, സുബൈർ കൊളക്കാടൻ, അനസ് മുല്ലവീട്ടിൽ, ഡോ. മുഹമ്മദ് ശാഫി തുടങ്ങിയവരും പങ്കെടുത്തു.