Kerala
'ടച്ചിങ്സി'നെ ചൊല്ലി തര്‍ക്കം ; പത്തനംതിട്ട നഗര മധ്യത്തിലെ ബാറിന് മുന്നില്‍ കൂട്ടയടി
ലഹരി മൂത്തപ്പോള്‍ മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചത്
പത്തനംതിട്ട | മദ്യപാനത്തിനിടെ ‘ടച്ചിങ്സി’നെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. തിങ്കളാഴ്ച രാത്രി 9.15നായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്.
നന്നുവക്കാട് സ്വദേശികളായ ഷിജു പി ജോസ്, അഭിലാഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചത്. മൂന്ന് പേര് അടങ്ങുന്ന രണ്ട് സംഘം, അടുത്തടുത്തുള്ള മേശമേല്‍ ഇരുന്നു മദ്യപിച്ചു. തുടര്‍ന്ന് ലഹരി മൂത്തപ്പോള്‍ മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. ബാറിനുള്ളില്‍ സംഘം അടിയുണ്ടാക്കിയതോടെ ജീവനക്കാര്‍ ഇടപെട്ട് ഇവരെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് ബാറിന് പുറത്തുവെച്ച് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. ഹെല്‍മറ്റ് ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ് രണ്ട് യുവാക്കള്‍ ബോധരഹിതരായി നിലത്തുവീണു. ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്.
മൂന്നംഗസംഘത്തിലെ ഒരാള്‍ നിലത്തുവീണ് കിടക്കുന്ന രണ്ട് യുവാക്കളുടെ തലയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്രൂരമായി അടിയേല്‍ക്കുന്നതുകണ്ട്, ‘ചത്തുപോകത്തേയുള്ളൂ’ എന്ന് ദൃക്സാക്ഷികള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ആദ്യഘട്ടത്തില്‍ കാഴ്ചക്കാരായിനിന്ന നാട്ടുകാര്‍തന്നെയാണ് ഒരു സംഘത്തെ വിരട്ടിയതിന് ശേഷം ഷൈജു, അരുണ്‍ എന്നിവരെ ആശുപത്രിയിലെത്തിച്ചത്. ശ്യാം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പരgക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയിലെത്തിയെങ്കിലും മദ്യലഹരിയിലുള്ള ഇവര്‍ പോലീസിനേയും ആശുപത്രി ജീവനക്കാരേയും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.