Connect with us

National

തെലങ്കാനയില്‍ കോണ്‍ഗ്രസ് എസ്‌സി സെല്‍ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സമീപത്ത് നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

രാവിലെ ഹൈദരാബാദില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ അജ്ഞാതസംഘം വെടിവച്ച് കൊന്നിരുന്നു.

Published

|

Last Updated

തെലങ്കാന|തെലങ്കാനയില്‍ കോണ്‍ഗ്രസ് എസ്‌സി സെല്‍ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാരെല്ലി അനില്‍ (28) ആണ് മരിച്ചത്. മേദക് ജില്ലയിലെ കുല്‍ചരം മണ്ഡലത്തിലെ വരിഗുന്തം ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയില്‍ കണ്ടത്. ശരീരത്തിന് സമീപം നാല് വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തു. ശരീരത്തില്‍ വെടിയുണ്ടകളുണ്ടോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വലതു തോളിലും നെഞ്ചിലും രക്തസ്രാവമുള്ള മുറിവുകളുണ്ട്.

ഗാന്ധി ഭവനില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷം തിങ്കളാഴ്ച രാത്രി കാറില്‍ വസതിയായ പൈതാര ഗ്രാമത്തിലേക്ക് പോകുകയായിരുന്നു അനില്‍. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മേദക്കിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മേദക് ആശുപത്രിയിലേക്കെത്തി.

ഒരേ ദിവസം രണ്ട് രാഷ്ട്രീയ നേതാക്കളുടെ ദുരൂഹമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ ഹൈദരാബാദില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ അജ്ഞാതസംഘം വെടിവച്ച് കൊന്നിരുന്നു. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗര്‍ പാര്‍ക്കില്‍ രാവിലെ ഏഴരയ്ക്ക് ആണ് സംഭവം. സ്വിഫ്റ്റ് കാറില്‍ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗര്‍കുര്‍നൂല്‍ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്.ഇതിന് പിന്നാലെയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവിനേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

 

 

---- facebook comment plugin here -----

Latest