Kerala
കേരളത്തിലുടനീളം അക്രമണം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും നീങ്ങുന്നത്: എം വി ഗോവിന്ദന്‍
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടുകള്‍ ആധുനിക കാലത്തിന് ചേര്‍ന്നതല്ല

തിരുവനന്തപുരം | കേരളത്തിലുടനീളം അക്രമണം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീ സുരക്ഷയുടെ വിഷയത്തില്‍ ആധുനിക കാലത്തിനു ചേരാത്ത നിലപാടില്‍ നിന്നു രക്ഷപ്പെടാനാണ് ഇത്തരം അക്രമം അഴിച്ചു വിടുന്നത്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശ്ശൂര്‍ ബ്യൂറോ ആക്രമിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. അപലപനീയമായ ഇത്തരം അക്രമങ്ങള്‍ കേരളത്തിലുടനീളം നടത്താനാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അവരുടെ സംഘവും നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാനെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വടകര എം പി നടത്തിയ തെറ്റായ പ്രചാരണങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സംഘം വലിയ രീതിയിലുള്ള കടന്നാക്രമണങ്ങള്‍ക്ക് മുതിരാന്‍ തുടങ്ങിയത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അതിന്റെ മറവില്‍ ആക്രമണങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടുകള്‍ ആധുനിക കാലത്തിന് ചേര്‍ന്നതല്ല. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് സ്ത്രീവിരുദ്ധവും പീഡനങ്ങള്‍ക്ക് അനുകൂലവുമാണ്. എം എല്‍എമാരുടേത് ഉള്‍പ്പെടെ മുന്‍ കാലങ്ങളില്‍ ഉണ്ടായ സംഭവങ്ങളിലും കോണ്‍ഗ്രസിന്റെ പ്രതികരണം ഇത്തരത്തില്‍ തന്നെയായിരുന്നു. ഇതിനെതിരായ ജനവികാരം എത്രയൊക്കെ മൂടവയ്ക്കാന്‍ ശ്രമിച്ചാലും മായില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.