Kerala
സഹകരണ ബേങ്കിൻ്റെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായെന്ന് പരാതി
ചെറിയ ചെപ്പുകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇവയില്‍ ഒരെണ്ണം പൂര്‍ണമായും കാലിയായതായും മറ്റൊന്നില്‍ നിന്ന് പകുതിയിലേറെ സ്വര്‍ണം നഷ്ടപ്പെട്ടതായും കാണുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ | കൊടുങ്ങല്ലൂർ ടൗണ്‍ സഹകരണ ബേങ്കിലെ ലോക്കറില്‍ സൂക്ഷിച്ച 60 പവന്‍ സ്വര്‍ണം കാണാതായതായി പരാതി. എടമുട്ടം നെടിയിരിപ്പില്‍ സണ്ണിയുടെ ഭാര്യ സുനിത കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബേങ്കിന്റെ അഴീക്കോട് ശാഖയില്‍ സൂക്ഷിച്ച സ്വര്‍ണത്തില്‍ നിന്നാണ് 60 പവനോളം തൂക്കമുള്ള ആഭരണങ്ങള്‍ കാണാതായത്. സുനിതയുടെയും മാതാവ് സാവിത്രിയുടെയും പേരിലാണ് ബേങ്കില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉള്ളത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആഭരണങ്ങള്‍ കൂടുതലായും ലോക്കറില്‍ സൂക്ഷിച്ചതെന്ന് സുനിത പറഞ്ഞു. പിന്നീട് പലപ്പോഴായി വേറെയും ആഭരണങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി ലോക്കറില്‍ സ്വര്‍ണം വെച്ചത്.
കുടുംബസമേതം ബെംഗളൂരുവില്‍ താമസിക്കുന്ന സുനിത നാട്ടിലെത്തി ബേങ്ക് ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണത്തില്‍ കുറവുള്ളതായി ശ്രദ്ധയില്‍ പെട്ടത്. ചെറിയ ചെപ്പുകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇവയില്‍ ഒരെണ്ണം പൂര്‍ണമായും കാലിയായതായും മറ്റൊന്നില്‍ നിന്ന് പകുതിയിലേറെ സ്വര്‍ണം നഷ്ടപ്പെട്ടതായും കാണുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. ബാങ്ക് അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.