Connect with us

National

വസ്ത്രത്തിന് ഇറക്കമില്ല; വിദ്യാർഥിനിയെ പരീക്ഷാ ഹാളിൽ കയറ്റിയില്ല

പരീക്ഷ എഴുതിയത് കാലിൽ കർട്ടൻ ചുറ്റി

Published

|

Last Updated

ഗുവാഹതി | വസ്ത്രത്തിന് ഇറക്കം കുറവാണെന്ന കാരണത്താൽ 19കാരിയായ വിദ്യാർഥിയെ പരീക്ഷാ ഹാളിലേക്ക് കടത്തിയില്ലെന്ന് പരാതി. ഒടുവിൽ പെൺകുട്ടി പരീക്ഷയെഴുതിയത് കർട്ടൻ ചുറ്റി. അസം കാർഷിക സർവകലാശാലയുടെ എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ സോനിത്പൂരിൽ നിന്നുള്ള വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്.

പരീക്ഷാ സെന്ററായ തേസ്പൂരിലെ ഗിരിജാനന്ദ ചൗധരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിലേക്ക് എത്തിയ പെൺകുട്ടിയെ ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചെങ്കിലും പരീക്ഷ തുടങ്ങുന്ന സമയത്ത് ഹാളിലേക്ക് കടക്കാൻ അനുവദിക്കാതെ മാറ്റിനിർത്തുകയായിരുന്നു. എല്ലാ വിദ്യാർഥികളിൽ നിന്നും അഡ്മിറ്റ് കാർഡ്, ആധാർ കാർഡ്, ഫോട്ടോ കോപ്പി എന്നീ രേഖകൾ പരിശോധിച്ച് ഹാളിലേക്ക് കടത്തിവിടുകയും ചെയ്തു. രേഖകൾ എല്ലാം ഹാജരാക്കിയിട്ടും എന്തുകൊണ്ടാണ് ഹാളിലേക്ക് കടത്തിവിടാത്തത് എന്ന് ചോദിച്ചപ്പോൾ വസ്ത്രത്തിന് ഇറക്കമില്ല എന്നായിരുന്നു അധികൃതരുടെ മറുപടി.

അഡ്മിറ്റ് കാർഡിൽ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട സൂചനകൾ ഇല്ലെന്നും പിന്നെ എങ്ങനെയാണ് ഇക്കാര്യം അറിയുകയെന്നും ഇൻവിജലേറ്ററോട് ചോദിച്ചെങ്കിലും ഹാളിലേക്ക് കടത്തിയില്ല. ഇതേ തരത്തിലുള്ള വസ്ത്രം ധരിച്ച് നീറ്റ് പരീക്ഷ എഴുതിയ കാര്യം വിദ്യാർഥിനി ചൂണ്ടിക്കാണിച്ചെങ്കിലും ഇൻവിജലേറ്റർ വഴങ്ങിയില്ല. തുടർന്ന് പുറത്ത് കാത്തിരിക്കുകയായിരുന്ന പിതാവിനോട് പാന്റ്‌സ് വാങ്ങി വരാൻ പറഞ്ഞ പെൺകുട്ടി പരീക്ഷയെഴുതാൻ കഴിയാതെ പുറത്തിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ പറഞ്ഞതനുസരിച്ച് കാലിൽ കർട്ടൻ ചുറ്റി പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് മകൾ കടുത്ത മാനസിക വിഷമത്തിലാണെന്ന് പിതാവ് ബാബുൽ തമൂലി പറഞ്ഞു. കുടുംബം പരാതി നൽകിയില്ലെങ്കിലും ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

---- facebook comment plugin here -----

Latest