Connect with us

Kerala

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കും; ശശി തരൂര്‍

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ശശി തരൂര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ ശശി തരൂര്‍. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ശശി തരൂര്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ബിജെപി വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ കൊണ്ടുവന്നതല്ലാതെ തിരുവനന്തപുരത്ത് മറ്റൊരു വികസനവും ബിജെപിയുടേതായിട്ടില്ല. എതിരാളിയെ നോക്കിയല്ല താന്‍ മത്സരിക്കുന്നത്. വിജയം ജനം തീരുമാനിക്കുമെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കാന്‍ പോവുന്നത് ത്രികോണ മത്സരമാണ്. ഇത് എന്റെ നാടാണ്. ഇവിടെ പ്രത്യേക സ്വീകരണം വേണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി വൈ എഫ് ഐ ശക്തമായി പ്രതിഷേധിക്കുമെന്ന് എ എ റഹീം എം പി. പൗരത്വ ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിക്കുമെന്നും എ എ റഹീം പറഞ്ഞു. നിയമവിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഡിസംബര്‍ 11-നാണ് പാര്‍ലമെന്റ് പൗരത്വനിയമം പാസാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അതേ സമയം നിയമം നടപ്പാക്കില്ലെന്ന് കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക നീക്കം.

 

 

 

 

Latest