Kozhikode
ക്രിസ്മസ് വിപണി; ട്രെന്‍ഡായി മഴത്തുള്ളി ലൈറ്റുകള്‍
ഇവക്ക് 100 രൂപ മുതലാണ് വില
കോഴിക്കോട് | നാടെങ്ങും നക്ഷത്ര വിസ്മയമൊരുക്കി ക്രിസ്മസ് വിപണി ഉണര്‍ന്നു. ക്രിസ്മസ് ട്രീയും പുല്‍ക്കൂടും സാന്താക്ലോസും എല്‍ ഇ ഡി സ്റ്റാറുകളുമെല്ലാം കടകളില്‍ നിരന്നുതുടങ്ങിയിട്ടുണ്ട്. മഴത്തുള്ളി ലൈറ്റുകള്‍, ട്രീ ലൈറ്റുകള്‍, ബള്‍ബ് ലൈറ്റുകള്‍ തുടങ്ങിയവയാണ് വിപണിയിലെ പുതിയ ട്രെന്‍ഡുകള്‍. ഇവക്ക് 100 രൂപ മുതലാണ് വില.
പുല്‍ക്കൂടൊരുക്കാന്‍ സമയം ഇല്ലാത്തവര്‍ക്കായി റെഡിമെയ്ഡ് പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ലഭ്യമാണ്. വിലയല്‍പ്പം കൂടുമെങ്കിലും മെറ്റലിലും ഫൈബറിലും പനയോലയിലും പ്ലാസ്റ്റിക്കിലും മള്‍ട്ടിവുഡിലും ഇത്തവണ പുല്‍ക്കൂടുകള്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്.
ഫൈബര്‍ പുല്‍ക്കൂടിനാണ് ഇത്തവണ ആവശ്യക്കാര്‍ ഏറെയുളളത്. 200 രൂപ മുതലാണ് വില. പുല്‍ക്കൂട്ടില്‍ വെക്കാവുന്ന രൂപങ്ങളുടെ സെറ്റിന് 200 രൂപ മുതല്‍ 5,000 രൂപ വരെ വിലയുണ്ട്. അഞ്ച് ഇഞ്ച് മുതല്‍ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്. 250 രൂപ മുതല്‍ 1,400 വരെയാണ് വില.
നവംബര്‍ അവസാനം മുതല്‍ തന്നെ നല്ല കച്ചവടമാണെന്ന് മിഠായിത്തെരുവിലെ നാഷനല്‍ സ്റ്റോഴ്സ് ഉടമ കെ ജെ ഡേവിസ് പറയുന്നു. പേപ്പര്‍ സ്റ്റാറുകള്‍, എല്‍ ഇ ഡി സ്റ്റാറുകള്‍, ഗ്ലെയിസിംഗ് സ്റ്റാറുകള്‍ എന്നിവ വിപണിയില്‍ സ്ഥാനം പിടിച്ചെങ്കിലും എല്‍ ഇ ഡി സ്റ്റാറുകള്‍ക്ക് തന്നെയാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. 200 മുതല്‍ 2,000 രൂപ വരെയുളള എല്‍ ഇ ഡി സ്റ്റാറുകള്‍ ലഭ്യമാണ്. പേപ്പര്‍ സ്റ്റാറുകള്‍ക്ക് 50 രുപ മുതല്‍ 300 രൂപ വരെയാണ് വില. കാലിന് നീളമുള്ള വാല്‍നക്ഷത്രങ്ങളുമുണ്ട്. 250 രൂപ രൂപ മുതല്‍ 500 രൂപയാണ് ഇവയുടെ വില. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെയുള്ള സാന്താ വേഷങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാര മേഖല.


