siraj editorial
മണിപ്പൂര്‍ തീവ്രവാദ ആക്രമണത്തിന് ചൈനീസ് സഹായമോ?
മിസോറാമിലെയും നാഗാലാന്‍ഡിലെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതാണ്. സ്വാതന്ത്ര്യാനന്തരം നാഗാ കലാപകാരികള്‍ ഇന്ത്യക്കെതിരെ ആയുധമെടുത്തതിനു പിന്നിലെ മുഖ്യ പ്രേരകശക്തി ചൈനയായിരുന്നു
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനകള്‍ ഇപ്പോഴും ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ അസം റൈഫിള്‍സിനു നേരേ നടന്ന തീവ്രവാദ ആക്രമണം. അസം റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയുള്‍പ്പെടെ അഞ്ച് സൈനികരും ത്രിപാഠിയുടെ ഭാര്യയും മകനും ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. സൈനികര്‍ ഒരു ഫോര്‍വേഡ് ക്യാമ്പില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് പതിയിരുന്ന ഭീകരര്‍ ആക്രമണം നടത്തിയത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കാണ് സംഭവം. ആക്രമണത്തിനായി വലിയ ആസൂത്രണമാണ് തീവ്രവാദികള്‍ നടത്തിയതെന്നും അതിര്‍ത്തി മേഖലയിലെ ആയുധക്കടത്തിനെതിരെ സുരക്ഷാ സേന സ്വീകരിച്ചുവന്ന നടപടികളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. സമീപ കാലത്ത് സംസ്ഥാനത്ത് സൈനികര്‍ക്കു നേരേ നടക്കുന്ന വലിയ ആക്രമണമാണിത്. 2015 ജൂണ്‍ നാലിന് മണിപ്പൂരിലെ മണ്ടല്‍ ജില്ലയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
മണിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (പി എല്‍ എ) മണിപ്പൂര്‍ നാഗാ ഫ്രണ്ടും (എം എന്‍ എഫ്) ഉത്തരവാദിത്വം ഏറ്റെടുത്ത ഈ ആക്രമണം വന്‍ ആയുധ ശേഖരത്തോടെയാണ് നടത്തിയത്. ചൈനയുടെ സഹായം തീവ്രവാദികള്‍ക്കുണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. വടക്കു കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്മറിലെ അരാകന്‍ സേനയുമായും യുനൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുള്ളതായും ഇവര്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നുമാണ് സൈനിക കേന്ദ്രങ്ങള്‍ കരുതുന്നത്. മ്യാന്മറിനോട് തൊട്ടുകിടക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) കമാന്‍ഡര്‍ പരേഷ് ബറുവ, നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഐ എം), ഫുന്‍ടിംഗ് ഷിംറാംഗ് തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകള്‍ ചൈനീസ് സംരക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. തര്‍ക്ക പ്രദേശങ്ങളില്‍ പ്രശ്‌നമുണ്ടാക്കുകയും അതിന്റെ മറവില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ബലപ്രയോഗവും നടത്തുകയെന്നതുമാണ് ചൈനയുടെ തന്ത്രമെന്നാണ് കരസേനാ മേധാവി ജനറല്‍ എം എം നരാവനെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 2017-18 കാലത്ത് അസം റൈഫിള്‍സിനെ നയിച്ചിരുന്ന ലഫ്. ജനറല്‍ ഷോകിന്‍ പറയുന്നത്, യഥാര്‍ഥ നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്താനായി ചൈന മണിപ്പൂരിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഉള്‍പ്പെടെയുള്ള സായുധ ഗ്രൂപ്പുകളുമായി കൈകോര്‍ക്കുന്നുണ്ടാകണമെന്നാണ്.
വടക്കു കിഴക്കന്‍ മേഖലയെ അസ്ഥിരപ്പെടുത്തി ഇന്ത്യയില്‍ നിന്ന് ഈ പ്രദേശങ്ങളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യവും ചൈനക്കുണ്ടാകാം. മിസോറാമിലെയും നാഗാലാന്‍ഡിലെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതാണ്. സ്വാതന്ത്ര്യാനന്തരം നാഗാ കലാപകാരികള്‍ ഇന്ത്യക്കെതിരെ ആയുധമെടുത്തതിനു പിന്നിലെ മുഖ്യ പ്രേരകശക്തി ചൈനയായിരുന്നു. നാഗാലാന്‍ഡിലെ തീവ്രവാദികളില്‍ നല്ലൊരു ഭാഗവും ചൈനയില്‍ പരിശീലനം നേടിയവരാണെന്നതും രഹസ്യമല്ല.
അരുണാചല്‍ പിടിച്ചെടുക്കാന്‍ നെഹ്‌റുവിന്റെ കാലത്ത് ചൈന തുടങ്ങിയ ശ്രമം ഇപ്പോഴും തുടരുകയാണ്. മക്‌മോഹന്‍ രേഖ എന്നറിയപ്പെടുന്ന അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയെ ചൈന അംഗീകരിക്കുന്നില്ല. അടുത്തിടെയാണ് അരുണാചലും കശ്മീരിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തി പുതിയ ഭൂപടം ചൈന പ്രസിദ്ധീകരിച്ചത്. ഈ പ്രദേശങ്ങള്‍ പൂര്‍ണമായും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ജനങ്ങള്‍ക്ക് ഇനി ആശങ്ക വേണ്ടെന്നും അവകാശവാദവും ഉന്നയിക്കുകയുമുണ്ടായി ബീജിംഗ്. നേരത്തേ തര്‍ക്ക പ്രദേശങ്ങളെന്ന പേരിലായിരുന്നു ചൈന ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. സ്വന്തമെന്ന നിലയില്‍ അവര്‍ ഭൂപടമിറക്കുന്നത് ഇതാദ്യമാണ്. എന്നാല്‍ ഭൂപടമിറക്കിയെന്നതു കൊണ്ട് അരുണാചല്‍ ചൈനയുടേതാകില്ലെന്നും അത് ഇന്ത്യയുടെ ഭാഗമാണെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
മുഖ്യ ശത്രുവായി പാക്കിസ്ഥാനെ പരിഗണിച്ച് രാജ്യം അവര്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനിടെ ചൈനയുടെ ഗൂഢലക്ഷ്യങ്ങള്‍ ഗൗനിക്കാതെ പോകുകയും പ്രതിരോധത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്നുണ്ടോയെന്ന് സന്ദേഹിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു പാക്കിസ്ഥാനല്ല, ചൈനയാണെന്നാണ് അടുത്തിടെ ഒരു മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ, സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും പ്രസ്താവിച്ചത്. വാജ്പയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരിക്കെ ജോര്‍ജ് ഫെര്‍ണാണ്ടസും മറ്റൊരു മുന്‍ പ്രതിരോധ മന്ത്രിയായ ശരത് പവാറും ഇക്കാര്യം ചൂണ്ടിക്കാട്ടിയതുമാണ്. കഴിഞ്ഞ വര്‍ഷം ഗാല്‍വന്‍ താഴ്്വരയില്‍ ഇന്ത്യന്‍ സൈനികരും ചൈനയും ഏറ്റുമുട്ടിയ പശ്ചാത്തലത്തില്‍ ആരാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രുവെന്ന ചോദ്യവുമായി എ ബി പി സീ വോട്ടര്‍ ഒരു സര്‍വേ നടത്തിയിരുന്നു. പാക്കിസ്ഥാനല്ല, ചൈനയാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ഗാല്‍വന്‍ താഴ്്വരയില്‍ ചൈനീസ് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ കഴിഞ്ഞോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു 60 ശതമാനത്തിന്റെയും പ്രതികരണം. 39 ശതമാനം പേര്‍ അനുകൂലമായും മറുപടി നല്‍കി. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാക്കിസ്ഥാനെ കൂടി സഹകരിപ്പിച്ച് സംഘര്‍ഷവും ആഭ്യന്തര കലഹവും സൃഷ്ടിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്തുക, വികസിത രാജ്യങ്ങള്‍ക്കൊപ്പം സൈനിക, സാമ്പത്തിക ശക്തിയായി ഉയരാന്‍ ശ്രമിക്കുന്ന ഇന്ത്യയുെട വളര്‍ച്ച തടസ്സപ്പെടുത്തുക എന്നിവയൊക്കെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചൈനയുടെ കടന്നുകയറ്റത്തിനു പിന്നില്‍. ഇക്കാര്യം കൂടി കണക്കിലെടുത്തായിരിക്കണം മേഖലയിലെ തീവ്രവാദ സംഘടനകള്‍ക്കെതിരെ രാജ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കേണ്ടത്.



