Connect with us

Kozhikode

സുരക്ഷാ സംവിധാനമില്ലാതെ ചിൽഡ്രൻസ് ഹോം; ഗുരുതര അലംഭാവം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോം സുരക്ഷാ സംവിധാനം ഒരുക്കണമെന്ന നിർദേശം ഒരു വർഷമായിട്ടും നടപ്പാക്കിയിട്ടില്ലെന്ന് ആക്ഷേപം. പലതവണ അന്തേവാസികൾ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതർ ഗുരുതര അലംഭാവം പുലർത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തൽ. സുരക്ഷ ഒരുക്കുന്നതിന് തടസ്സം സാങ്കേതിക കാരണങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് അധികൃതർ.

17 വയസ്സ് വരെയുള്ള പെൺകുട്ടികളെ താമസിപ്പിക്കുന്ന ഗേൾസ് ഹോമിന് വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. ചുറ്റുമതിൽ പലയിടത്തും തകർന്ന നിലയിലാണ്. അനായാസമായി ആർക്കും എപ്പോൾ വേണമെങ്കിലും പുറത്തുകടക്കാനും അകത്തേക്ക് കയറാനുമാകും. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ അന്തേവാസികളെ പരിപാലിക്കാൻ വാർഡർമാരോ ഇല്ല. ജെൻഡർ പാർക്ക് അടക്കമുള്ള പൊതുയിടങ്ങളുള്ള ഇവിടെ നിരീക്ഷണത്തിനായി ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. അകത്ത് കയറുന്നവർ എവിടേക്ക് പോകുന്നുവെന്ന് നിരീക്ഷിക്കാൻ മറ്റ് സംവിധാനങ്ങളൊന്നുമില്ല. നേരത്തേയും സമാനരീതിയിൽ കുട്ടികൾ ഒളിച്ചോടാൻ ശ്രമിച്ചിട്ടും അധികാരികൾ നിസ്സംഗത പുലർത്തുകയാണ്.

ഗുരുതര വീഴ്ചയാണ് ജീവനക്കാരിൽ നിന്നുണ്ടായതെന്നാണ് ബാലക്ഷേമ സമിതിയുടെ നിരീക്ഷണം. എന്നാൽ, വനിതാ ശിശു വികസന വകുപ്പിന് റിപോർട്ട് നൽകിയെങ്കിലും അനുമതി കിട്ടുന്നതിലെ കാലതാമസമാണ് ക്യാമറകൾ അടക്കം സ്ഥാപിക്കുന്നതിനുള്ള തടസ്സമെന്നാണ് ബാലികാമന്ദിരം സൂപ്രണ്ട് പറയുന്നത്.
അതേസമയം, പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബെംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest