Kerala
ഛത്തീസ്ഗഢ് സംഭവം: സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നെന്ന് എം വി ഗോവിന്ദൻ
കോൺഗ്രസ്സ് നിലപാട് പ്രതിഷേധാർഹം

തിരുവനന്തപുരം | ഛത്തീസ്ഗഢിൽ ബി ജെ പി സർക്കാർ കള്ളക്കേസിൽ കുടുക്കി രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഘ്പരിവാർ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബി ജെ പിയുടെ ഇത്തരം അജണ്ടയിൽ അത്ഭുതമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പോലീസ് നോക്കി നിൽക്കുമ്പോഴാണ് സംഘ്പരിവാർ വിഭാഗം കന്യാസ്ത്രീകളെ ചോദ്യം ചെയ്യുന്ന നിലയുണ്ടായത്. പെൺകുട്ടികളെ ജോലിക്കായി കൊണ്ടുപോകുമ്പോഴാണ് മനുഷ്യകടത്ത് എന്ന പേരിൽ സംഘപരിവാർ ഇവർക്കു നേരെ തിരിഞ്ഞത്. രാജ്യദ്രോഹകുറ്റമാണ് ചുമത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ് അറസ്റ്റ്.
മഹാരാഷ്ട്രയിലും കർണാടകയിലും സമാന സംഭവം ഉണ്ടാകുന്നു. വിഷയത്തിൽ കോൺഗ്രസ്സ് നിലപാട് പ്രതിഷേധാർഹമാണ്. ഛത്തീസ്ഗഢിലെ കോൺഗ്രസ്സ് ഒരു നടപടിയും എടുത്തില്ല. അവിടുത്തെ നേതാക്കൾ പ്രതിഷേധിക്കാൻ പോലും തയ്യാറായില്ല. കോൺഗ്രസ്സ് ഭരിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ വലിയ പ്രതിഷേധം ഉയർന്ന ശേഷമാണ് കേസ് എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.