Connect with us

Kerala

രസതന്ത്ര ശാസ്ത്രജ്ഞന്‍ ഡോ. സി ജി രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ഇരുന്നൂറിലധികം ശാസ്ത്രലേഖനങ്ങളുടെയും 120-ഓളം ശാസ്ത്ര പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്.

Published

|

Last Updated

തിരുവനന്തപുരം|രസതന്ത്ര ശാസ്ത്രജ്ഞനും അധ്യാപകനുമായ തൈക്കാട് ഇലങ്കം നഗര്‍ 102 നെക്കാറില്‍ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. നെടുമങ്ങാടിന് സമീപത്തെ വൃദ്ധസദനത്തിലാണ് കഴിഞ്ഞിരുന്നത്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാനായിരുന്നു. 1932ല്‍ ആലുവ കുറ്റിപ്പുഴയില്‍ ജനനം. കേരള യൂണിവേഴ്സിറ്റി രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, അള്‍ജിയേഴ്സില്‍ യൂണി. പ്രൊഫസര്‍, യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജര്‍മനിയിലും ബ്രിട്ടണിലും ഉപരിപഠനം നടത്തിയ അദ്ദേഹം കേരള സര്‍വകലാശാലാ രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍, അള്‍ജിയേഴ്‌സ് സര്‍വകലാശാലയില്‍ പ്രൊഫസര്‍, എംജി സര്‍വകലാശാല യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ മാക് സ്പലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, സ്വദേശി ശാസ്ത്രപുരസ്‌ക്കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1988-90 കാലയളവില്‍ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നത്. ഇരുന്നൂറിലധികം ശാസ്ത്രലേഖനങ്ങളുടെയും 120-ഓളം ശാസ്ത്ര പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്. അന്താരാഷ്ട്ര ജേണലുകളിലായി 111 പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമായിരുന്നു. ഭാര്യ കെ. ഭാരതിദേവി രണ്ടു മാസം മുന്‍പാണ് മരിച്ചത്. മക്കള്‍: പരേതയായ ഗിരിജ ദീപക്(ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക), ഡോ. രാം കെ. മോഹന്‍(എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍, അമേരിക്ക). മരുമക്കള്‍: ദീപക് നായര്‍(ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടന്റ്), ഡോ. അപര്‍ണാമോഹന്‍(അമേരിക്ക). മൃതദേഹം 25ന് രാവിലെ 8.30ന് തൈക്കാട്ടുള്ള വീട്ടിലെത്തിക്കും. സംസ്‌കാരം 10.30ന് തൈക്കാട് ശാന്തികവാടത്തില്‍.

 

 

Latest