Connect with us

cpm party congress@ kannur

ഭീഷണിയുമായി കശ്മീരി നേതാക്കളെ വരുതിയിലാക്കാന്‍ കേന്ദ്ര നീക്കം: യൂസഫ് തരിഗാമി

അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ചും യു എ പി എ പ്രയോഗിച്ചും വേട്ടയാടുന്നു; കശ്മീരികള്‍ക്കായി ഇന്ത്യന്‍ ജനത ശബ്ദിക്കണം

Published

|

Last Updated

കണ്ണൂര്‍ |  അന്വേഷണ ഏജന്‍സികളേയും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കശ്മീരിലെ നേതാക്കളെ വരുതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി സി പി എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി.

മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്യാനാവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. വളരെ പഴയൊരു കേസിലാണ് ഈ നോട്ടീസ്. മറ്റൊരു മുന്‍മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തിയുടെ മാതാവ് ഗുള്‍ഷനെ പോലും ഇ ഡി അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുകയാണ്. ജനതയെ ഇന്ത്യയോട് ചേര്‍ത്തുനിര്‍ത്തുന്ന കശ്മീരിലെ രാഷ്ട്രീയ നേതൃത്വത്തോടുള്ള അവഹേളനയാണിത്. കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ക്ക് ഇതൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണിത്.കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

യു എ പി എയും ദേശസുരക്ഷാ നിയമവുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ കശ്മീരില്‍ ഉപയോഗിക്കുന്നു. മലയാളികളുള്‍പ്പടെയുള്ള ഇന്ത്യന്‍ ജനത ഞങ്ങള്‍ക്കുവേണ്ടി ശബ്ദിക്കണം.

കശ്മീരികള്‍ അടിസ്ഥാന ജനാധിപത്യ അവകാശങ്ങളെങ്കിലും അനുവദിക്കണം. ഞങ്ങള്‍ പ്രകോപിതരാകാറില്ല, ഞങ്ങള്‍ ജനാധിപത്യ സംവിധാനത്തിലൂടെ മാത്രമേ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും തരിഗാമി കൂട്ടിച്ചേര്‍ത്തു.