Uae
ആഘോഷപ്പന്തല്‍ സീസണ്‍ 10; പുറങ്ങു ഫൈറ്റേഴ്സിനു കിരീടം
പരിച്ചകം ഫാല്‍ക്കണ്‍സ്, ടീം മാസ്റ്റര്‍പടി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ദുബൈ | യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ തണ്ണീര്‍ പന്തല്‍ സംഘടിപ്പിച്ച റെഡ് പെപ്പെര്‍ കറാമ ആഘോഷപ്പന്തലിന്റെ പത്താം പതിപ്പില്‍ പുരുഷ വിഭാഗത്തില്‍ പുറങ്ങു ഫൈറ്റേഴ്സ് ചാമ്പ്യന്മാരായി. പരിച്ചകം ഫാല്‍ക്കണ്‍സ്, ടീം മാസ്റ്റര്‍പടി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സ്ത്രീകളുടെയും സീനിയര്‍ കുട്ടികളുടെയും വിഭാഗത്തില്‍ പരിച്ചകം ഫാല്‍ക്കണ്‍സ് ചാമ്പ്യന്മാരായി.
ജൂനിയര്‍ കുട്ടികളില്‍ കിങ്സ് കാഞ്ഞിരമുക്ക് ചാമ്പ്യന്മാരായി. ആവേശം നിറഞ്ഞ കമ്പവലി മത്സരത്തില്‍ പുറങ്ങു ഫൈറ്റേഴ്സ് ഒന്നാമതെത്തി. ഷൂട്ട് ഔട്ട് , പഞ്ചഗുസ്തി , ഷോട്ട് പുട്ട് , മോള്‍ക്കി, ബാസ്‌ക്കറ്റ് ബോള്‍ ത്രോ , ലാഡര്‍ ടോസ് , കോണ്‍ഹോള്‍ എന്നിവ കൂടാതെ പനങ്കുരു ഉപയോഗിച്ചുള്ള നാടന്‍ കളിയായ സ്രാദ്, തുടങ്ങിയ മത്സരങ്ങളും സ്ത്രീകളുടെ പഞ്ചഗുസ്തി മത്സരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സമാപന ചടങ്ങില്‍ ഡിജെ ജാസിയുടെ സംഗീതവും അരങ്ങേറി. മാറഞ്ചേരി എന്ന ഗ്രാമത്തെ ദുബൈയില്‍ പുന:പ്രതിഷ്ഠിച്ച പ്രതീതി ഉണര്‍ത്തി.
ദുബായ് റാശിദിയ്യ അല്‍ ജാഹിദ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു. ദുബൈ സ്‌കൗട്ട് മിഷന്‍ ഡയറക്റ്റര്‍ ഖലീല്‍ റഹ്മ അലി പതാക ഉയര്‍ത്തി. ഔദ്യോഗിക ചടങ്ങ് സ്വദേശി പൗരന്‍ ജാസിം അല്‍ ബലൂഷി ഉദ്ഘാടനം ചെയ്തു. ലത്തീഫ് കൊട്ടിലുങ്ങല്‍ , ഷുക്കൂര്‍ മന്നിങ്ങയില്‍, ഷമീം മുഹമ്മദ്, സുകേഷ് ഗോവിന്ദന്‍ , ജലീല്‍ എം പി, നൗഷാദ് അലി എന്നിവര്‍ സംസാരിച്ചു. നാസര്‍ മന്നിങ്ങയില്‍, സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ചെയര്‍മാന്‍ സുധീര്‍ മന്നിങ്ങയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ജംഷിദ് സ്വാഗതവും കോര്‍ഡിനേറ്റര്‍ അമീന്‍ നന്ദിയും പറഞ്ഞു.


