Connect with us

First Gear

അമ്മയറിയാതെ കുട്ടിയെ മാറ്റിയ കേസ്; പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ഹര്‍ജി ഈ മാസം 28 ന് കോടതി പരിഗണിക്കും.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസിലെ ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കുഞ്ഞിനെ കാണാനില്ലെന്ന പരാതി നല്‍കിയ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹര്‍ജി ഈ മാസം 28 ന് കോടതി പരിഗണിക്കും. കേസില്‍ പോലീസിന്റെ നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് സംഭവം വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ ജനന രജിസ്റ്ററില്‍ നിന്നും തന്നെ കുഞ്ഞിനെ മാറ്റാനുള്ള നീക്കത്തിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. രജിസ്റ്ററില്‍ കുഞ്ഞിന്റെ അച്ഛന്റെ പേര് മണക്കാട് സ്വദേശി ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനൊരാളില്ലെന്ന് പോലീസ് വ്യക്തമാക്കി.

കാട്ടാക്കട പഞ്ചായത്തില്‍ നിന്നും കുട്ടിയുടെ വിവരം പോലീസ് ശേഖരിച്ചു. വിവാദത്തില്‍ ഉള്‍പ്പെട്ട എല്ലാവരില്‍ നിന്നും പോലീസ് മൊഴിയെടുക്കും. പോലീസ് അന്വേഷണത്തോടൊപ്പം സാമൂഹ്യക്ഷേമ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ദത്തെടുക്കലിലുണ്ടായ വീഴ്ചകള്‍ റിപ്പോര്‍ട്ടിലുണ്ടാകും. ദത്ത് നടപടികള്‍ അന്തിമമായി പൂര്‍ത്തിയാകാത്തതിനാല്‍ കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന കാര്യം ഇതിനകം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചുകഴിഞ്ഞു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യവും സര്‍ക്കാര്‍ അന്വേഷണവും അറിയിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ തീര്‍പ്പാണ് ഇനി പ്രധാനം.

 

---- facebook comment plugin here -----

Latest