Kerala
യുവാവിനെ വെടിവച്ച് പരുക്കേല്‍പ്പിച്ച കേസ്: പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവും പിഴയും
അടൂര്‍ പറക്കോട് കല്ലുവിളയില്‍ റോബിന്‍ ബാബു (39) വിനെയാണ് കോടതി ശിക്ഷിച്ചത്.
പത്തനംതിട്ട | അടൂര്‍ സ്വദേശിക്ക് എയര്‍ ഗണ്ണിലെ മെറ്റാലിക് പെല്ലറ്റ് കൊണ്ട് ഇടതു കണ്ണിനു ഗുരുതര പരുക്കേറ്റ കേസില്‍ രണ്ടാം പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവും 17,000 രൂപ പിഴയും ശിക്ഷ. അടൂര്‍ പറക്കോട് കല്ലുവിളയില്‍ റോബിന്‍ ബാബു (39) വിനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക വെടിയേറ്റ മനുവിന് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
പിഴയടച്ചില്ലെങ്കില്‍ 105 ദിവസം അധികകഠിന തടവ് അനുഭവിക്കണം. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി മൂന്ന് ജഡ്ജി ഡോ. പി കെ ജയകൃഷ്ണന്റേതാണ് വിധി.
കേസിലെ രണ്ടാം പ്രതിയാണ് റോബിന്‍ ബാബു. ഒന്നാം പ്രതി ഏഴാംകുളം സ്വദേശി അജയകുമാര്‍ മരണപ്പെട്ടു. 2012 ഒക്ടോബര്‍ 11ന് രാത്രി 11.45ന് ശേഷമാണ് സംഭവം. പറക്കോട് തുളസി ഭവനില്‍ മനു, അയല്‍വാസി ജെയിംസിന്റെ വീട്ടില്‍ ശബ്ദം കേട്ട് ഉണര്‍ന്ന് ടോര്‍ച്ചു തെളിച്ച് പുറത്തിറങ്ങി നോക്കിയപ്പോള്‍ പ്രതികള്‍ നില്‍ക്കുന്നത് കണ്ടു. മനു തങ്ങളെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ സംഘം മനുവിനെ ആക്രമിക്കുകയായിരുന്നു. രണ്ടാം പ്രതി കൈയിലുണ്ടായിരുന്ന എയര്‍ഗണ്‍ കൊണ്ട് വെടിയുതിര്‍ത്തു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ബി ബിന്നി ഹാജരായി. പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി ശ്രീകുമാര്‍ ആണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.