National
വാഹനാപകടം; ഒഡീഷയില്‍ കോണ്‍ഗ്രസ് മുന്‍ എം എല്‍ എ മരിച്ചു
കോണ്‍ഗ്രസ് മുന്‍ എം എല്‍ എ. അര്‍ജുന്‍ ചരണ്‍ ദാസാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കില്‍ ട്രക്കിടിക്കുകയായിരുന്നു.

ജയ്പുര്‍ | ഒഡീഷയിലെ ജാജ്പൂരിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ എം എല്‍ എ മരിച്ചു. കോണ്‍ഗ്രസ് മുന്‍ എം എല്‍ എ. അര്‍ജുന്‍ ചരണ്‍ ദാസാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കില്‍ ട്രക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അര്‍ജുന്‍ ചരണ്‍ ദാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കില്‍ ചരണ്‍ ദാസിനൊപ്പം സഞ്ചരിച്ചിരുന്നയാള്‍ക്കും പരുക്കേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇയാളെ കട്ടക്ക് എ സി ബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്‍ ജെയ്പൂര്‍ എം പി. അനാദി ദാസിന്റെ മകനാണ് മരിച്ച അര്‍ജുന്‍ ചരണ്‍ ദാസ്. 1995 മുതല്‍ 2000 വരെ ബിഞ്ചര്‍പുര്‍ മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചത്.
കോണ്‍ഗ്രസ് വിട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയിലേക്ക് അര്‍ജുന്‍ ചരണ്‍ ദാസ് അടുത്തിടെ ചേക്കേറിയിരുന്നു. പാര്‍ട്ടിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദാസ് ജെയ്പൂരില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.