Connect with us

Prathivaram

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനാകുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് സമൂഹ മാധ്യമങ്ങളെ പൂർണാർഥത്തിൽ നിയന്ത്രിക്കാൻ പോകുന്ന പുതിയ നിയമങ്ങളെന്ന വിമർശനം ഇതിനകം വന്നുകഴിഞ്ഞു. സർക്കാർ വിരുദ്ധമായ ഉള്ളടക്കങ്ങൾ ഇല്ലാതാക്കാനും അനുകൂലമായ ട്രന്റ് സൃഷ്ടിക്കാനും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗ പ്പെടുത്താനുള്ള വഴികളാണ് പ്രധാനമായും പാർലിമെന്ററി സമിതിയുടെ പുതിയ റിപ്പോർട്ടിലുള്ളത്.

Published

|

Last Updated

കേന്ദ്ര സർക്കാർ വീണ്ടും സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇത്തവണ ഡാറ്റാ സംരക്ഷണം എന്ന പേരിലാണെന്ന് മാത്രം. ഈയിടെയാണ് ഇത്തരം നിർദേശങ്ങളുമായി പാർലിമെന്ററി സമിതി ശിപാർശകൾ പുറത്തുവന്നത്. ഇതുപ്രകാരം രാജ്യത്തെ സമൂഹ മാധ്യമങ്ങളെ പരിപൂർണമായി നിയന്ത്രിക്കാനും സർക്കാർ അനുകൂല ചർച്ചകൾ മാത്രം സർക്കുലേറ്റ് ചെയ്യാനുമുള്ള പുതിയ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് വരുന്നത്.

മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമപരമായി സ്ഥാപിക്കപ്പെട്ട ഏകീകൃത സംവിധാനം രൂപവത്കരിക്കണമെന്നാണ് പാർലിമെന്ററി സമിതിയുടെ ശിപാർശ. മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഏകീകൃത സംവിധാനമുണ്ടാകണം. എല്ലാ രൂപത്തിലുള്ള മാധ്യമങ്ങളെയും ഈ സംവിധാനത്തിനുകീഴിൽ കൊണ്ടുവരണം. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പോലെ നിലവിലെ ഏജൻസികൾക്ക് എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശേഷിയില്ല. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളും ഇന്റർനെറ്റും പോലുള്ള ആധുനിക സാങ്കേതികത ഉപയോഗിക്കുന്ന മാധ്യമങ്ങളെ പ്രത്യേകിച്ചും നിയന്ത്രിക്കാൻ അവക്കു ശേഷിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഡേറ്റാ സംരക്ഷണ നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാറിനെയും കേന്ദ്രാന്വേഷണ ഏജൻസികളെയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് ബില്ലിലെ വിചിത്രമായ വ്യവസ്ഥ.

ഡാറ്റാ സംരക്ഷണനിയമം നടപ്പാക്കാൻ സാമൂഹിക മാധ്യമ കമ്പനികൾക്ക് രണ്ട് വർഷത്തെ കാലാവധി അനുവദിക്കും. നിയമമനുസരിച്ച് ഡാറ്റാ സൂക്ഷിപ്പുകാർക്ക് തങ്ങളുടെ നയങ്ങൾ പരിഷ്‌കരിക്കാനും അടിസ്ഥാന സൗകര്യം വർധിപ്പിക്കാനും വേണ്ടത്ര സമയം ലഭ്യമാക്കാനാണ് ഈ കാലാവധി. സാമൂഹിക മാധ്യമ വേദികളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിൽ അവർക്കുതന്നെയാണ് പൂർണമായ ഉത്തരവാദിത്വം. പരിശോധിക്കപ്പെടാത്ത അക്കൗണ്ടുകളിൽനിന്നുള്ള ഉള്ളടക്കത്തിനും സാമൂഹിക മാധ്യമങ്ങൾക്കുതന്നെയാണ് ഉത്തരവാദിത്വം. ഈ പ്രശ്നം അഭിമുഖീകരിക്കാൻ പ്രത്യേക സംവിധാനമുണ്ടാകണമെന്നും പാർലിമെന്ററി സമിതി ശിപാർശ ചെയ്യുന്നുണ്ട്. മാതൃസ്ഥാപനത്തിന് ഇന്ത്യയിൽ പ്രത്യേകമായ ഓഫീസില്ലാതെ ഒരു സാമൂഹികമാധ്യമ കമ്പനിക്കും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ല.പ്രധാനപ്പെട്ട ഡാറ്റാ സൂക്ഷിപ്പുകാർ സർക്കാറാണെന്നിരിക്കേ, മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമായി ഡാറ്റാ ശേഖരണത്തിൽ പ്രത്യേക മാർഗരേഖ പുറപ്പെടുവിക്കണം.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് സമൂഹ മാധ്യമങ്ങളെ പൂർണാർഥത്തിൽ നിയന്ത്രിക്കാൻ പോകുന്ന പുതിയ നിയമങ്ങളെന്ന വിമർശനവും ഇതിനകം വന്നുകഴിഞ്ഞു. സർക്കാർ വിരുദ്ധമായ ഉള്ളടക്കങ്ങൾ ഇല്ലാതാക്കാനും അനുകൂലമായ ട്രന്റ് സൃഷ്ടിക്കാനും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്താനുള്ള വഴികളാണ് പ്രധാനമായും പാർലിമെന്ററി സമിതിയുടെ പുതിയ റിപ്പോർട്ടിലുള്ളത്. ഈയർഥത്തിൽ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

---- facebook comment plugin here -----

Latest