local body election 2025
പ്രചാരണം ചൂടേറി; ആവേശമായി സംസ്ഥാന നേതാക്കളുടെ പര്യടനം
എം വി ഗോവിന്ദൻ, സണ്ണി ജോസഫ്, കെ സുരേന്ദ്രൻ, സ്വാദിഖലി ശിഹാബ് തങ്ങൾ, കെ പ്രകാശ്ബാബു യോഗങ്ങളിൽ പങ്കെടുത്തു
കോഴിക്കോട്| തദ്ദേശസ്ഥാപനങ്ങളിൽ ഭരണം പിടിക്കാൻ മുന്നണികൾ പോരാട്ടവീര്യവുമായി രംഗത്തെത്തിയതോടെ പ്രചാരണം കൊഴുത്തു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായ കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം കെ മുനീർ എം എൽ എ, സി പി ഐ നേതാവ് കെ പ്രകാശ്ബാബു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. യു ഡി എഫും എൽ ഡി എഫും കുടുംബ യോഗങ്ങൾ മത്സര ബുദ്ധിയോടെ സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ വോട്ടാണ് ഇത്തരം യോഗങ്ങൾ വഴി ലക്ഷ്യമിടുന്നത്. നേരത്തേ തന്നെ ഇത്തരം യോഗങ്ങൾ സി പി എം തുടങ്ങിയിരുന്നു.
ഇടതുമുന്നണിയെന്ന നിലയിൽ നടത്തുന്ന പരിപാടികൾക്ക് പുറമെ സി പി എം സ്വന്തം നിലക്കും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം യോഗങ്ങൾ നടക്കുന്നുണ്ട്. ജില്ലയിൽ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് ഇത്തരം യോഗങ്ങളിൽ എല്ലായിടത്തും പങ്കെടുക്കുന്നുണ്ട്. സർക്കാറിന്റെ ഭരണനേട്ടങ്ങളും ക്ഷേമ പെൻഷനുകളുടെ വിതരണവും മറ്റും ഉയർത്തിക്കാട്ടിയാണ് ഇടതുമുന്നണി മുന്നോട്ടുപോകുന്നത്. അതേസമയം, സർക്കാറിന്റെ വീഴ്ചകളും ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളും പോലീസ് ഭീകരതയും മറ്റും എണ്ണിപ്പറഞ്ഞാണ് യു ഡി എഫ് വോട്ടർമാരെ സമീപിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി യു ഡി എഫ് കോർപറേഷനെതിരെ കുറ്റപത്രം പുറത്തിറക്കി.
കേന്ദ്ര സഹായം വഴി കേരളത്തിൽ മാറ്റം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് എൻ ഡി എ യോഗങ്ങളിൽ പറയുന്നത്. നിരവധി പദ്ധതികൾ നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. സി പി എമ്മിലെ സി പി മുസാഫർ അഹ്മദിനെ മേയർ സ്ഥാനാർഥിയാക്കിയാണ് പ്രചാരണം ശക്തമാക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പ് മോശമാകാൻ പാടില്ലെന്ന തീരുമാനത്തിലാണ് എം മെഹബൂബ്. കോൺഗ്രസ്സിൽ നിന്ന് എൻ വി ബാബുരാജ്, ലീഗിൽ നിന്ന് എസ് ടി യു സംസ്ഥാന നേതാവ് യു പോക്കർ എന്നിവരെ ഇടതുപാളയത്തിൽ എത്തിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് സി പി എം ജില്ലാ നേതൃത്വം.
സംവിധായകൻ വി എം വിനുവിനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും വോട്ടില്ലാത്തതിന്റെ പേരിൽ പത്രിക നൽകാൻ സാധിക്കാതെ വന്നതും യു ഡി എഫിനും കോൺഗ്രസ്സിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇത് പ്രചാരണത്തിന്റെ എല്ലാ തലങ്ങളിലും നിഴലിക്കുന്നുണ്ട്. രമേശ് ചെന്നിത്തല കോഴിക്കോട് ക്യാമ്പ് ചെയ്ത് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. പി എം നിയാസ്, എസ് കെ അബൂബക്കർ തുടങ്ങിയ നേതാക്കൾ മത്സരിക്കുന്നത് കോൺഗ്രസ്സിന് ആവേശം നൽകുന്നുണ്ട്. പുതുമുഖങ്ങളെ അണിനിരത്തിയാണ് സി പി എം കോർപറേഷനിൽ അങ്കത്തിനിറങ്ങിയത്. അതേസമയം, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ഡോ. എസ് ജയശ്രീ, ആസൂത്രണ സമിതി അധ്യക്ഷ കെ കൃഷ്ണ കുമാരി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി രേഖ തുടങ്ങിയവരെ വീണ്ടും കളത്തിലിറക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയ ബി ജെ പി ഇത്തവണസ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് അവകാശപ്പെടുന്നത്.
ഇരുമുന്നണികളെയും വിമർശിച്ചാണ് ബി ജെ പി രംഗത്തുള്ളത്. എൻ ഡി എ മുന്നണിയുടെ പേരിലാണ് മത്സരിക്കുന്നതെങ്കിലും ഘടകകക്ഷികളാരെങ്കിലും മത്സരരംഗത്തുണ്ടോയെന്ന് വ്യക്തമല്ല. ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണിക്ക് പ്രതിസന്ധി തീർക്കാൻ യു ഡി എഫിന് സാധിക്കുന്നില്ല. ജില്ലയിലെ മുനിസിപ്പാലിറ്റികളിലും ഇടതിനാണ് പ്രചാരണത്തിൽ മേൽക്കൈ.

