Connect with us

calicut university

ഫലം വന്ന് ഒരു മാസമായിട്ടും ഗ്രേഡ് കാർഡ് നൽകാതെ കാലിക്കറ്റ് യൂനിവേഴ്സിറ്റി

കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പരീക്ഷയുടെ മൂല്യനിർണയവും ഇതുവരെ നടന്നിട്ടില്ല.

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റിൽ ഫലം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഫൈനൽ ഡിഗ്രി ഗ്രേഡ് കാർഡ് ലഭിച്ചില്ലെന്ന് ആക്ഷേപം. ഡിഗ്രി ആറാം സെമസ്റ്റർ ഗ്രേഡ് കാർഡാണ് വിദ്യാർഥികൾക്ക്
ലഭിക്കാത്തത്.

ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന നിരവധി വിദ്യാർഥികളാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. സർവകലാശാലയുടെ സൈറ്റിൽ നിന്ന് കോപ്പികൾ ഡൗൺലോഡ് ചെയ്‌തെടുത്തത് മറ്റു സർവകലാശാലകൾ അംഗീകരിക്കില്ലെന്നുള്ളതും വിദ്യാർഥികൾക്ക് തിരിച്ചടിയായി.

അതേസമയം, സംസ്ഥാനത്തിനകത്തുള്ള സർവകലാശാലകളിൽ വെബ്‌സൈറ്റിൽ നിന്ന് കോപ്പിയെടുത്ത സർട്ടിഫിക്കറ്റുകൾ താത്കാലികമായി ഉപരിപഠന പ്രവേശന സമയത്ത് കാണിക്കാമെങ്കിലും രാജ്യത്തിനു പുറത്തുള്ള സർവകലാശാലകൾ ഇത് അംഗീകരിക്കുന്നില്ല.
എൻ സി സി, എൻ എസ് എസ് ഉൾപ്പെടെയുള്ള ഗ്രേസ് മാർക്കുകൾ ചേർക്കാൻ വൈകിയതാണ് ഫൈനൽ ഡിഗ്രി ഗ്രേഡ് കാർഡ് വിതരണത്തിലെ കാലതാമസത്തിനാധാരം.
കഴിഞ്ഞ മാർച്ച് മുതൽ എൻ എസ് എസ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ പരിശോധിക്കുന്നതിലുള്ള പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയതെന്നാണ് ആരോപണം.

ഇപ്പോൾ ഫലം പ്രസ്ഥാപിച്ച ഡിഗ്രി ആറാം സെമസ്റ്ററുകാരുടെ രണ്ടാം സെമസ്റ്ററിന്റെ സപ്ലിമെന്ററി ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പരീക്ഷയുടെ മൂല്യനിർണയവും ഇതുവരെ നടന്നിട്ടില്ല. ഇതിനാൽ ഫലം കാത്തിരിക്കുന്ന ആറാം സെമസ്റ്ററുകാർക്ക് ഡിഗ്രി വിജയിച്ചതായി ഉറപ്പാക്കാൻ കഴിയില്ല. ഫൈനൽ ഡിഗ്രി കൺസോളിഡേറ്റ്, ഗ്രേഡ് കാർഡ് തുടങ്ങിയവ ഡിജിറ്റൽ വിഭാഗത്തിൽ നിന്ന് ഇതു വരെ പ്രിന്റ് ചെയ്ത് സെക്്ഷനുകളിൽ എത്തിയിട്ട് പോലുമില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. വിദൂര വിദ്യഭ്യാസ വിഭാഗം വഴിയുള്ളവർ ഗ്രേഡ് കാർഡ് അത്യാവശ്യത്തിന് ലഭിക്കണമെങ്കിൽ സർവകലാശാലയിൽ നേരിട്ടെത്തി വാങ്ങേണ്ട അവസ്ഥയാണ്.

---- facebook comment plugin here -----

Latest