Connect with us

Malappuram

ബുഖാരി നോളജ് ഫെസ്റ്റിവൽ സമാപിച്ചു

ഫെസ്റ്റിവലിൽ ശാസ്ത്രം, സമൂഹം, ഭാഷ, സാഹിത്യം, മതം, സംസ്കാരം, ദേശം, അന്തർദേശീയം തുടങ്ങിയ മേഖലകളിൽ ചർച്ച, സംവാദം, ടോക്ക്, പാനൽ ഡിസ്കഷൻ, പ്രഭാഷണം നടന്നു.

Published

|

Last Updated

ബുഖാരി നോളജ് ഫെസ്റ്റിവൽ അഞ്ചാം പതിപ്പ് സമാപന സംഗമം ഡോ. അബ്ദുല്ലത്തീഫ് വി ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി|ബുഖാരി നോളജ് ഫെസ്റ്റിവൽ അഞ്ചാം പതിപ്പ് സമാപിച്ചു. വാലിഡിറ്ററി സെഷൻ ബുഖാരി സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി അബൂ ഹനീഫൻ ഫൈസി തെന്നലയുടെ അധ്യക്ഷതയിൽ ഡോ. അബ്ദുൽ ലത്വീഫ് വി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീൻ തങ്ങൾ, ഹംസ അഹ്സനി തെന്നല, സി കെ യു മൗലവി മോങ്ങം, ഹസൻ സഖാഫി തറയിട്ടാൽ, സുലൈമാൻ ഫൈസി, അബ്ദുൽ ഹകീം ഹാജി, ബശീർ അരിമ്പ്ര സംബന്ധിച്ചു.
ഇന്നലെ നടന്ന വ്യത്യസ്ത സെഷനുകളിൽ അഡ്വ. ഹാരിസ് ബീരാൻ എം പി, കോടമ്പുഴ ബാവ മുസ്‌ലിയാർ, വിനിൽപോൾ, മുസ്തഫ പി എറയ്ക്കൽ, അലി ബാഖവി ആറ്റുപുറം, വി എം സ്വാദിഖലി, ഡോ. അബൂബക്കർ, സി എം ശഫീഖ് നൂറാനി സംബന്ധിച്ചു.
വെള്ളിയാഴ്ച തുടങ്ങിയ ഫെസ്റ്റിവലിൽ ശാസ്ത്രം, സമൂഹം, ഭാഷ, സാഹിത്യം, മതം, സംസ്കാരം, ദേശം, അന്തർദേശീയം തുടങ്ങിയ മേഖലകളിൽ ചർച്ച, സംവാദം, ടോക്ക്, പാനൽ ഡിസ്കഷൻ, പ്രഭാഷണം നടന്നു. കൊണ്ടോട്ടി ബുഖാരി കാമ്പസിൽ മണ്ണ്, ചക്രം, അക്ഷരം, വചനം എന്നിങ്ങനെ ക്രമീകരിച്ച നാലു വേദികളിലായാണ് ഫെസ്റ്റിവൽ നടന്നത്. വ്യത്യസ്തമായ പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തി കാമ്പസിലെ വിദ്യാർത്ഥികൾ നിർമ്മിച്ച വേദികൾ, കവാടങ്ങൾ, ബുക്കായ ബുക്ക് ഫെയർ, രജിസ്ട്രേഷൻ കൗണ്ടർ, ഗസ്റ്റ് ലോഞ്ച് എന്നിവ ഫെസ്റ്റിവലിനെ ആകർഷണീയമാക്കി.
എൺപത് വ്യത്യസ്ത സെഷനുകൾക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. അബ്ബാസ് പനക്കൽ, പി കെ നവാസ്, കെ പി നൗഷാദലി, ജംഷീദലി, റഫീഖ് ഇബ്രാഹിം, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വിമീഷ് മണിയൂർ, ഡോ. ഹുസൈൻ രണ്ടത്താണി, ചെറായി രാമദാസ്, ജഅ്ഫർ അലി ആലിചെത്ത്, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, കെ സി സുബിൻ, അനീസ് പുവത്തി, സിയാഫ് അബ്ദുൽ ഖാദർ തുടങ്ങിയ 200 ഓളം അതിഥികൾ നേതൃത്വം നൽകി. രണ്ടായിരം പ്രതിനിധികൾ ബി. കെ. എഫിന്റെ ഭാഗമായി.

വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ നോളജ് ഫെസ്റ്റിവലിൽ സംസാരിക്കുന്നു

വഖ്ഫ് സ്വത്തിനെക്കുറിച്ചുള്ള
തെറ്റിദ്ധാരണകളാണ് വിമർശനങ്ങൾക്ക് പിന്നിൽ- അഡ്വ. എം കെ സക്കീർ ഹുസൈൻ
വഖ്‌ഫ് സ്വത്തുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് വിമർശനങ്ങൾക്ക് പിന്നിലെന്ന് കേരള വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ ഹുസൈൻ. ഭരണകൂടങ്ങൾ പോലും വഖഫ് സ്വത്തിനെ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നും മറ്റു പൊതുമേഖല സ്വത്തു വകകൾ പോലെ വഖ്ഫിനെ കാണാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ബി കെ എഫിൽ സി പി ശഫീഖ് ബുഖാരിയുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. വിശ്വാസികൾക്ക് പോലും വഖ്ഫിനെക്കുറിച്ച് ശരിയായ ധാരണയില്ലെന്നും വഖ്ഫിന്റെ പ്രവർത്തനങ്ങളെയും നിയമവ്യവസ്ഥകളെയും കുറിച്ച് പഠിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനാലോകത്തേക്ക് ബുക്കായ
ബി കെ എഫിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് ബുക്കായ, ബുക്ക് ഫെയർ. കേരളത്തിലെ ഇരുപതിലേറെ മുഖ്യധാരാ പ്രസാധകരുടെ മലയാള, മലയാളേതര പുസ്തകങ്ങളാണ് ബുക്കായയിലെ പ്രധാന വിഭവങ്ങൾ. തൊള്ളായിരത്തിലധികം തലക്കെട്ടുകളിലുള്ള ഫിക്ഷൻ – നോൺ ഫിക്ഷൻ പുസ്തകങ്ങളുടെ ശേഖരം ബി കെ എഫ് പ്രതിനിധികളെ ബുക്കായയിലേക്കടുപ്പിക്കുന്നു.
പൂർണമായും പഴമയുടെ തനിമ നിലനിർത്തി പ്രകൃതി വിഭവങ്ങളുപയോഗിച്ച് നിർമ്മിച്ച ബുക്കായ ഓരോ വായനക്കാരനും നയാനന്ദകരമാണ്. മിതമായ നിരക്കിൽ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ ലഭ്യമാക്കുന്നുവെന്നതും ബുക്കായയെ ജനകീയമാക്കുന്നു. ഇതിനോട് ചേർന്നുള്ള റീഡിങ് പോയിൻ്റും ഡിസ്കഷൻ കോർണറും വായനക്കും ചർച്ചകൾക്കുമുള്ള ഇടമൊരുക്കുന്നു. വായനയുടെ പ്രാധാന്യം വിളിച്ചോതുകയും അനന്ത സാധ്യതകൾ തുറന്നിടുകയുമാണ് ബുക്കായ.

ബുഖാരി നോളജ് ഫെസ്റ്റിവലിൽ നടന്ന വഖ്ഫിന്റെ ചരിത്രവും വർത്തമാനവും സെഷനിൽ അഡ്വ. ഹാരിസ് ബീരാൻ എംപി സംസാരിക്കുന്നു. മാധ്യമപ്രവർത്തകൻ മുസ്തഫ പി എറയ്ക്കൽ സമീപം.

മുനമ്പം വഖ്ഫ് തർക്കം; പരിഹാരം സർക്കാറിനേ സാധ്യമാകൂ-
അഡ്വ. ഹാരിസ് ബീരാൻ എം പി
വഖ്‌ഫ് സ്വത്തുമായി ബന്ധപ്പെട്ട വിഷയം ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. ഭരണഘടനാപരമായ പ്രശ്നമാണ്. അതിനോടുള്ള പ്രതികരണവും ഭരണഘടനാപരമായിരിക്കണം. വഖ്‌ഫ് നിയമഭേദഗതിയിലൂടെ ഇല്ലാതാവുന്നത് സാമ്പത്തിക അസ്ഥിരതക്കപ്പുറം വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യക്ഷേമം തുടങ്ങിയ നിരവധി മേഖലകളിലെ സുതാര്യത കൂടിയാണ്. ജുഡീഷ്യറിയുടെ സമീപകാല ഇടപെടലുകൾ ആശ്വാസകരമാണ്. സ്വത്തു സംരക്ഷണത്തിനായി പുതിയ ഭേദഗതി നിയമം പുന:ക്രമീകരിക്കേണ്ടതുണ്ട്. വഖ്ഫ് ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ അഡ്വ. ഹാരിസ് ബീരാൻ, മുസ്തഫ പി എറയ്ക്കൽ സംസാരിച്ചു.
---- facebook comment plugin here -----

Latest