Kerala
വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റും ഉജ്ജ്വല ബാല്യ പുരസ്‌കാര വിതരണവും നാളെ
തിരുവനന്തപുരം വഴുതക്കാട് വ്യുമന്‍സ് കോളജില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാര വിതരണം നിര്‍വഹിക്കും.
തിരുവനന്തപുരം | സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് നാളെ ആരംഭിക്കും. ഉദ്ഘാടന ചടങ്ങില്‍ ഉജ്ജ്വല ബാല്യ പുരസ്‌കാര വിതരണം നടക്കും. തിരുവനന്തപുരം വഴുതക്കാട് വ്യുമന്‍സ് കോളജില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാര വിതരണം നിര്‍വഹിക്കും. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കും. ജനുവരി രണ്ട്, മൂന്ന്, നാല് തീയതികളിലാണ് തിരുവനന്തപുരം ഗവ. വ്യുമന്‍സ് കോളജില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് നടക്കുന്നത്. വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സര്‍ഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും കുട്ടികളുടെ വിവിധ കലാപ്രകടനങ്ങള്‍ക്കായുമാണ് സംസ്ഥാന തലത്തില്‍ വര്‍ണച്ചിറകുകള്‍ എന്ന പേരില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ച് വരുന്നത്. കുട്ടികളുടെ പഠനത്തോടൊപ്പം വിവിധ കല, കായിക, സാംസ്‌കാരിക മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനും വികസിപ്പിക്കാനും സഹായിക്കുന്ന ഒരു സമഗ്ര വേദി കൂടിയാണിത്.
ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പുറമേ നിര്‍ഭയ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോമുകളിലെ കുട്ടികളേയും ഉള്‍പ്പെടുത്തി 22 മത്സരയിനങ്ങളിലായി ആയിരത്തോളം പേരാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കുക. ഇതോടൊപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 2024 ലെ ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ നല്‍കും. 6-11 വയസ്സും 12-18 വയസ്സും എന്നീ രണ്ട് പ്രായ വിഭാഗങ്ങളിലായി, ഭിന്നശേഷി വിഭാഗവും പൊതു വിഭാഗവും ഉള്‍പ്പെടുത്തി 51 കുട്ടികളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഓരോ ജില്ലയില്‍ നിന്നും വിവിധ വിഭാഗത്തില്‍പ്പെട്ട ആകെ നാല് കുട്ടികള്‍ക്കാണ് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് നല്‍കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.




